ട്രെയിനിൽ നിന്ന് യാത്രികയെ തള്ളിയിട്ട് കവർച്ച നടത്തിയ പ്രതി പിടിയിൽ

തൃശൂർ സ്വദേശിയായ യാത്രക്കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കവർച്ച നടത്തിയ കേസിൽ പ്രതിയെ മഹാരാഷ്ട്രയിലെ പൻവേലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലെത്തി. രണ്ട് ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചണ്ഡിഗഢ് – കൊച്ചുവേളി കേരള സമ്പർക്ക് ക്രാന്തി എക്‌സ്പ്രസ്സിൽ യാത്ര ചെയ്യുകയായിരുന്ന തൃശൂർ സ്വദേശിയായ 64 കാരി അമ്മിണിയെയാണ് പ്രതി ട്രെയിനിൽ നിന്ന് തള്ളിയിട്ട് പണവും മൊബൈൽ ഫോണും കവർന്നത്. കവർച്ച നടത്തിയ ശേഷം ഓടുന്ന ട്രെയിനിൽ രക്ഷപ്പെട്ട പ്രതി മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു.

സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പ്രതി മഹാരാഷ്ട്രയിലെ പൻവേലിൽ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കേരള പൊലീസും റെയിൽവേ പൊലീസും അടങ്ങുന്ന പതിനേഴംഗ അന്വേഷണ സംഘം മഹാരാഷ്ട്രയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുമായി ഇനി കൂടുതൽ തെളിവെടുപ്പുകളും ചോദ്യം ചെയ്യലുകളും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

