KOYILANDY DIARY.COM

The Perfect News Portal

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സ്വമേധയാ കേസെടുക്കണമെന്ന്‌ സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദേശം. വിദ്വേഷ പ്രസംഗം നടത്തുന്നത് ഏത് മതക്കാരാണെങ്കിലും പരാതിക്ക് കാത്തുനില്‍ക്കാതെ മുഖംനോക്കാതെ നടപടി എടുക്കണം. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുന്ന ഹീനമായ കുറ്റകൃത്യമാണ്‌ വിദ്വേഷ പ്രസംഗമെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ജസ്റ്റിസ്‌ കെ എം ജോസഫ്‌ അധ്യക്ഷനും ജസ്റ്റിസ്‌ ബി വി നാഗരത്ന അം​ഗവുമായ ബെഞ്ചിന്റെ സുപ്രധാന ഉത്തരവ്‌.

കര്‍ശന നടപടി ഉണ്ടായാല്‍ മാത്രമേ ഭരണഘടനയുടെ ആമുഖം വിഭാവനം ചെയ്‌തിട്ടുള്ള മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാൻ സാധിക്കുകയുള്ളൂവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 2022 ഒക്ടോബറിൽ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചിരുന്നു. ഇത്തരം പ്രസംഗങ്ങളിൽ  സ്വമേധയാ കേസെടുക്കാൻ ഡൽഹി, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌ പൊലീസിനോട്‌ നിർദേശിക്കുന്നതായിരുന്നു ഉത്തരവ്‌.

ഇത് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാക്കുകയാണ്‌ പുതിയ ഉത്തരവിലൂടെ സുപ്രീംകോടതി. മതം, ജാതി തുടങ്ങിയവയുടെ പേരിൽ സ്‌പർധ സൃഷ്ടിക്കൽ, മതവിശ്വാസങ്ങളോ വികാരങ്ങളോ വ്രണപ്പെടുത്തൽ, വധഭീഷണിയോ ഗുരുതര പരിക്കുകളോ ഉണ്ടാക്കുമെന്ന ഭീഷണിമുഴക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ നടന്നതായി അറിവ്‌ ലഭിച്ചാൽ ഇനിമുതൽ പൊലീസിന്‌ ഉടനടി കേസെടുക്കണം. ഇല്ലെങ്കിൽ കോടതി അലക്ഷ്യ നടപടി നേരിടേണ്ടി വരും.

Advertisements
Share news