KOYILANDY DIARY

The Perfect News Portal

സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങൾക്കായി ടെൻഡർ വിളിച്ചു

തിരുവനന്തപുരം: സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങൾക്കായി ടെൻഡർ വിളിച്ചു. മുളക്‌, ഉഴുന്ന്‌, തുവരപ്പരിപ്പ്‌, ചെറുപയർ എന്നിവയ്‌ക്കാണ് ടെൻഡർ. മൊത്തവ്യാപാരികൾ താൽപ്പര്യം അറിയിച്ചതോടെ 10 ദിവസത്തിനകം സാധനങ്ങൾ ഉറപ്പാക്കാനാകും. ഫെബ്രുവരി 16ന്‌ സബ്‌സിഡി സാധനങ്ങളുടെ വില പുതുക്കിയിരുന്നു. വിപണിവിലയേക്കാൾ 35 ശതമാനം കുറവുണ്ടാകും. 1446 രൂപയ്ക്കുള്ള സാധനങ്ങൾ 940 രൂപയ്‌ക്ക്‌ ലഭിക്കും. 506 രൂപയുടെ കുറവ്‌. എപിഎൽ, ബിപിഎൽ വേർതിരിവില്ല 94 ലക്ഷം കാർഡ്‌ ഉടമകൾക്കും ഇത്‌ ലഭിക്കും. 

 2013 ആഗസ്‌ത്‌, 2014 ആഗസ്‌ത്‌, 2014 നവംബർ, 2014 ഡിസംബർ മാസങ്ങളിൽ യുഡിഎഫ്‌ സർക്കാർ വിലകൾ പുതുക്കി നിശ്ചയിച്ചിരുന്നു. തുടർന്ന്‌ 10 വർഷം പൊതുവിപണിയിലുണ്ടായ വ്യത്യാസത്തിന്റെ ഭാഗമായാണ്‌ കഴിഞ്ഞ ഫെബ്രുവരിയിൽ വില പുതുക്കിയത്‌. സബ്‌സിഡി സാധനങ്ങളുടെ വിൽപ്പനയിലൂടെ സപ്ലൈകോയ്ക്ക് മാസം ശരാശരി 35 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. സബ്‌സിഡി ഇതര സാധനങ്ങളുടെ വിലക്കുറവുകൂടി കണക്കാക്കുമ്പോൾ മാസം 50 ലക്ഷത്തിൽ അധികം പേരെ ഔട്ട്‌ലെറ്റിൽ എത്തിക്കാൻ കഴിയുമെന്ന്‌ സപ്ലൈകോ പ്രതീക്ഷിക്കുന്നു.