KOYILANDY DIARY

The Perfect News Portal

കെഎസ്‌ഇബിയിൽ പെൻഷൻ ഉറപ്പാക്കാൻ ചട്ടഭേദഗതിയുമായി സംസ്ഥാന റഗുലേറ്ററി കമീഷൻ

കൊച്ചി: കെഎസ്‌ഇബിയിൽ പെൻഷൻ ഉറപ്പാക്കാൻ ചട്ടഭേദഗതിയുമായി സംസ്ഥാന റഗുലേറ്ററി കമീഷൻ. പെൻഷൻ ട്രസ്‌റ്റിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുംവിധമാണ്‌ കമീഷന്റെ ഭേദഗതി. കെഎസ്‌ഇബിയുടെ ചെലവിനങ്ങളിൽ ട്രസ്‌റ്റിന്‌ നൽകുന്ന തുകകൂടി ഉൾപ്പെടുത്തുന്നത്‌ അംഗീകരിച്ചാണ് ഭേദഗതി ഇറക്കിയത്‌. ഇതിനുമുന്നോടിയായി കരടുചട്ടം പ്രസിദ്ധീകരിക്കുകയും പൊതുതെളിവെടുപ്പ്‌ നടത്തുകയും ചെയ്‌തിരുന്നു. തെളിവെടുപ്പിൽ ലഭിച്ച നിർദേശങ്ങളും പരാതികളും പരിഗണിച്ചശേഷമാണ്‌ കമീഷന്റെ നടപടി.

നിലവിലെ വൈദ്യുതിനിരക്കിൽ മാറ്റമുണ്ടാകില്ല. 2022 മുതൽ 27 വരെയുള്ള വരവുചെലവ്‌ കണക്കുകൾ നേരത്തേ അംഗീകരിക്കുകയും അതിനനുസൃതമായി നിരക്ക്‌ പരിഷ്‌കരിക്കുകയും ചെയ്‌തിരുന്നു. ബോർഡിൽ പെൻഷൻ വിതരണം ട്രസ്‌റ്റ്‌ വഴിയാണ്‌. ഇതിനുള്ള തുകയുടെ പലിശമാത്രമാണ്‌ ചെലവിനത്തിൽ  അംഗീകരിച്ചിരുന്നത്‌. പെൻഷൻ ഗുണഭോക്താക്കളുടെ വർധനയും മറ്റും പരിഗണിച്ച്‌ മുതലുംകൂടി ചെലവിൽ ഉൾപ്പെടുത്തുന്ന വ്യവസ്ഥയുണ്ടാക്കി 2021ൽ കമീഷൻ ചട്ടം പുറത്തിറക്കി. ഇതിനെതിരെ എച്ച്‌ടി ആൻഡ്‌ ഇഎച്ച്‌ടി കൺസ്യൂമർ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. ഭേദഗതിക്കുള്ള കരടിൽ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നത്‌ കണക്കിലെടുത്ത്‌ കോടതി വ്യവസ്ഥ റദ്ദാക്കി. 

ഇതിന്റെ പശ്ചാത്തലത്തിൽ കെഎസ്‌ഇബിയിൽ പെൻഷൻ മുടങ്ങുമെന്ന്‌ പ്രചാരണമുണ്ടായിരുന്നു. ചെലവിനത്തിൽ മുതലുംകൂടി ഉൾപ്പെടുത്താൻ കമീഷൻ അനുമതി നൽകി ചട്ടം ഭേദഗതി ചെയ്‌തു. ഇതോടെ പെൻഷൻ കൃത്യമായി ഉറപ്പാക്കാനുള്ള സാഹചര്യം ഒരുങ്ങിയിരിക്കുകയാണ്‌. 2013 ഏപ്രിൽ ഒന്നുമുതൽ കെഎസ്ഇബിയിൽ ജോലിയിൽ പ്രവേശിച്ചവർക്ക്‌ നാഷണൽ പെൻഷൻ സ്‌കീംപ്രകാരമാണ്‌ പെൻഷൻ. മുമ്പ്‌ സർവീസിൽ പ്രവേശിച്ചവർക്കാണ്‌ ട്രസ്‌റ്റ്‌വഴി പെൻഷൻ നൽകുന്നത്‌.

Advertisements