KOYILANDY DIARY

The Perfect News Portal

മികച്ച ഫീച്ചറിനുള്ള സംസ്ഥാന വനിത കമ്മീഷൻ മാധ്യമ പുരസ്കാരം വി ജെ വര്‍ഗീസിന്

തിരുവനന്തപുരം: മികച്ച ഫീച്ചറിനുള്ള സംസ്ഥാന വനിത കമ്മീഷൻ മാധ്യമ പുരസ്കാരം വി ജെ വര്‍ഗീസിന്. ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടറാണ് വി ജെ വര്‍ഗീസ്. വയനാട് നൂല്‍പ്പുഴ തേര്‍വയല്‍ ആദിവാസി കോളനിയിലെ ട്രാന്‍സ്ജന്‍ഡറായ പ്രകൃതിയെ കുറിച്ചുള്ള ‘ജീവിച്ചോട്ടെ നൂല്‍പ്പുഴയിലെ പ്രകൃതി’ എന്ന ഫീച്ചറിനാണ് പുരസ്‌കാരം. 20,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീസൗഹൃദ സമൂഹം വളര്‍ത്തിയെടുക്കുന്നതിനും പ്രോത്സാഹനജനകമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള കേരള വനിതാ കമ്മിഷന്റെ ഈ വര്‍ഷത്തെ മാധ്യമ പുരസ്‌കാരങ്ങങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച റിപ്പോര്‍ട്ട്  മലയാളം അച്ചടി മാധ്യമം വിഭാഗത്തില്‍ മലയാള മനോരമ പാലക്കാട് യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ ബിജിന്‍ സാമുവലിനാണ്. ആര്‍ത്തവ ദിവസങ്ങള്‍ സംബന്ധിച്ച് വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി തയാറാക്കിയ ‘ആശ്വാസ വാര്‍ത്ത’ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. 

 

മികച്ച റിപ്പോര്‍ട്ട് ദൃശ്യമാധ്യമം മലയാളം വിഭാഗത്തില്‍ കൊച്ചി മാതൃഭൂമി ന്യൂസിലെ സീനിയര്‍ സബ് എഡിറ്റര്‍ ജയിന്‍ എസ് രാജു പുരസ്‌കാരം നേടി. മറയൂര്‍ ചന്ദന ഡിവിഷനിലെ ജീവനക്കാരായ 12 വനിതകളെ കുറിച്ചുള്ള ‘ചന്ദനം കാക്കുന്ന പെണ്‍കരുത്ത്’ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്‌കാരം. മികച്ച ഫീച്ചര്‍ ദൃശ്യമാധ്യമം മലയാളം വിഭാഗത്തില്‍ പാലക്കാട് ഏഷ്യാനെറ്റ് ന്യൂസിലെ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് പ്രിയ ഇളവള്ളിമഠം പുരസ്‌കാരത്തിന് അര്‍ഹയായി. പാലക്കാട് ചിറ്റൂരിലും പരിസരപ്രദേശങ്ങളിലും മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ ഭീഷണി മൂലം ആത്മഹത്യകള്‍ പെരുകുന്നതു സംബന്ധിച്ച ഫീച്ചറിനാണ് പുരസ്‌കാരം. 

Advertisements

 

മികച്ച വീഡിയോഗ്രാഫി വിഭാഗത്തില്‍ കൊച്ചി അമൃത ടിവി സീനിയര്‍ കാമറമാന്‍ ബൈജു സിഎസ് പുരസ്‌കാരത്തിന് അര്‍ഹനായി. കൊച്ചി അരൂര്‍ അരീകുറ്റിയില്‍ കായലില്‍ നിന്നും കക്ക വാരി 80 -ാം വയസിലും ജീവിതത്തോടു പോരാടുന്ന വിശാലമ്മയുടെ ജീവിതം പകര്‍ത്തിയതാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച ഫോട്ടോഗ്രഫി വിഭാഗത്തില്‍ മലയാള മനോരമ പാലക്കാട് യൂണിറ്റിലെ ഗിബി സാം വി പി പുരസ്‌കാരത്തിന് അര്‍ഹനായി. തദ്ദേശ സ്വയംഭരണ വകുപ്പും കുടുംബശ്രീയും ചേര്‍ന്നു നടപ്പാക്കിയ തിരികെ സ്‌കൂളില്‍ കാമ്പയിനിന്റെ ആദ്യ ദിനത്തില്‍ പാലക്കാട് നല്ലേപ്പിള്ളി ഗവ യുപി സ്‌കൂളില്‍ കമലം കൂട്ടുകാരി കണ്ണയ്ക്കു റിബണ്‍ കെട്ടികൊടുക്കുന്ന ‘ചിരിച്ചെത്തി സ്‌കൂള്‍ കാലം’ എന്ന ഫോട്ടോയാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 

 

2023 ജനുവരി മുതല്‍ ഡിസംബര്‍ വരെ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ദി ഹിന്ദു ഡപ്യൂട്ടി എഡിറ്റര്‍ സരസ്വതി നാഗരാജന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റിട്ട സീനിയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മനോജ് കെ പുതിയവിള,  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ചീഫ് ഫോട്ടോഗ്രഫര്‍ വി വിനോദ്, മലയാള മനോരമ റിട്ട സീനിയര്‍ പിക്ചര്‍ എഡിറ്റര്‍ ബിജയചന്ദ്രന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മാര്‍ച്ച് ആറിന് രാവിലെ 10ന് തിരുവനന്തപുരം ജവഹര്‍ബാല ഭവനില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ ദിനാചരണത്തില്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുരസ്കാരം വിതരണം ചെയ്യും.