വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു

വഴിക്കടവിലെ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവത്തിൽ പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു. മൃഗ വേട്ട നടത്തിയതിനാണ് കേസെടുത്തത്. ഇയാൾക്കെതിരെ മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തു. വനം വകുപ്പ് പ്രത്യേകം കസ്റ്റഡി അപേക്ഷ നൽകും.

വഴിക്കടവ് വള്ളക്കൊടിയിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയതായിരുന്നു. മൃഗവേട്ടക്കാർ പന്നിയെ പിടിക്കാനായി വടിയിൽ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അഞ്ച് പേരുടെ സംഘമാണ് അപകടത്തിൽപെട്ടത്.

അനന്തുവിന്റെ ജീവൻ എടുത്തത് പോലെയുള്ള വൈദ്യുതി കെണികൾ പ്രദേശത്ത് വ്യാപകമാണെന്നാണ് നാട്ടുകാരുടെ ആരോപണം. വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ലൈനുകളിൽ മുള വടി ഉപയോഗിച്ച് നീളത്തിൽ ഇരുമ്പ് കമ്പി വലിച്ചാണ് കെണി ഒരുക്കുന്നത്. സമാനമായ രീതിയിൽ കമ്പി ഉപയോഗിച്ച് വൈദ്യുതി ലൈനിൽ നിന്ന് കറന്റ് കടത്തിവിട്ട് പന്നി കെണി ഒരുക്കുന്ന വിവരം കെഎസ്ഇബിയെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ലെന്നാണ് ആക്ഷേപം.

പ്രദേശത്ത് സമാനമായ രീതിയിൽ ഇലക്ട്രിക്ക് ഫെൻസിംഗിൽ തട്ടി കൂലിപ്പണിക്കാരനായ ഒരാളും ഇതിന് മുമ്പ് മരിച്ചിരുന്നു. വൈദ്യുതി മോഷണം തടയാൻ ഇലക്ട്രിക്ക് ലൈൻ ഇൻസുലേഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും ഇപ്പോഴും ഇന്സുലേഷൻ പൂർണമായിട്ടില്ല. കെഎസ്ഇബി പ്രദേശങ്ങളിൽ കൃത്യമായ പരിശോധന നടത്താറില്ലായെന്നും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ രാത്രി സമയങ്ങളിൽ കെണി സ്ഥാപികുകയും നേരം പുലരും മുമ്പ് അത് എടുത്തു മാറ്റുന്നതാണ് നായാട്ടുകാരുടെ രീതി.

