KOYILANDY DIARY

The Perfect News Portal

കർഷകർക്ക് പണം ലഭ്യമാക്കുന്നതിൽ വീഴ്‌ച വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടി; മന്ത്രി പി പ്രസാദ്

ആലപ്പുഴ: കർഷകർക്ക് പിആർഎസ് സംവിധാനംവഴി നിശ്ചിത സമയത്തിനുള്ളിൽ പണം ലഭ്യമാക്കുന്നതിൽ വീഴ്‌ച വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. റാണി കായൽ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ കഴിഞ്ഞ തവണ ബാങ്കുകൾ സ്വീകരിച്ച നിഷേധാത്മകമായ സമീപനം ഇനി അനുവദിക്കില്ല.

കർഷകരെ സഹായിക്കാത്ത ബാങ്കുകളുമായി സർക്കാർ സഹകരിക്കില്ല. ബാങ്കുകളുടെ സമീപനങ്ങൾ കുട്ടനാട്ടിൽ ചില പ്രതിസന്ധികൾക്ക് കാരണമായി. കർഷകർക്ക് നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ കമീഷനെ നിയമിച്ചിരുന്നു. കമീഷൻ റിപ്പോർട്ട്  സർക്കാരിന്റെ പരിഗണനയിലാണെന്ന്‌ മന്ത്രി പറഞ്ഞു.

 

തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. കൈനകരി പഞ്ചായത്ത് പ്രസിഡണ്ട് എം സി പ്രസാദ്, സ്ഥിരംസമിതി അധ്യക്ഷനായ കെ എ പ്രമോദ്, പഞ്ചായത്തംഗം എ ഡി ആന്റണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ് അനിൽ കുമാർ, റാണി കായൽ പ്രസിഡണ്ട് വി പി ചിദംബരൻ, ചിത്തിര കായൽ പ്രസിഡണ്ട് ജോസഫ് ചാക്കോ, പാടശേഖര സമിതി സെക്രട്ടറി എ ഡി കുഞ്ഞച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisements