KOYILANDY DIARY

The Perfect News Portal

വണ്ടിൽ നിന്ന് പകരുന്ന ലൈം ഡിസീസ്‌ പെരുമ്പാവൂരിൽ

കൊച്ചി: വണ്ട്‌ കടിക്കുന്നതിലൂടെ പകരുന്ന ലൈം ഡിസീസ്‌ എറണാകുളം ജില്ലയിൽ ആരോഗ്യവകുപ്പ്‌ സ്ഥിരീകരിച്ചു. പെരുമ്പാവൂർ കൂവപ്പടിയിലെ 56കാരനിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ശരിയായ സമയത്ത്‌ ചികിത്സ ലഭിച്ചില്ലെങ്കിൽ അണുബാധ തലച്ചോറിനെ ബാധിച്ച്‌ മരണംവരെ സംഭവിക്കാവുന്ന രോഗമാണ്‌ ലൈം ഡിസീസ്‌. എറണാകുളം ലിസി ആശുപത്രിയിലുള്ള രോഗി സുഖംപ്രാപിക്കുന്നു. 

രോഗംബാധിച്ച, കറുത്ത കാലുകളുള്ള വണ്ടുകൾ കടിക്കുന്നതിലൂടെയാണ്‌ രോഗം മനുഷ്യരിലേക്ക് പകരുന്നത്. പനി, തലവേദന, ക്ഷീണം, തൊലിപ്പുറത്ത്‌ തിണർപ്പുകൾ എന്നിവയ്‌ക്കൊപ്പം കാൽമുട്ടിലെ നീരുമാണ്‌ സാധാരണ ലക്ഷണങ്ങൾ. ചികിത്സിച്ചില്ലെങ്കിൽ സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയിലേക്ക് അണുബാധ വ്യാപിക്കും.

 

കടുത്ത പനിയും കാലിലെ നീരുമായി എത്തിയ രോഗിയെ പരിശോധിച്ചപ്പോഴാണ്‌ രോഗം തിരിച്ചറിഞ്ഞതെന്ന്‌ ലിസി ആശുപത്രിയിലെ ചീഫ്‌ ഫിസിഷ്യൻ ഡോ. ജിൽസ്‌ ജോർജ് പറഞ്ഞു. രോഗം പ്രകടമായി ഒരു മാസത്തിനുശേഷമാണ്‌ ചികിത്സയ്‌ക്കെത്തിയത്‌. പുണെയിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയുടെ ഫലം ചൊവ്വാഴ്‌ചയാണ്‌ ലഭ്യമായത്‌. 2013ൽ വയനാട്ടിൽ ഈ രോഗം കണ്ടെത്തിയിരുന്നു.

Advertisements