KOYILANDY DIARY

The Perfect News Portal

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം; എം വി ഗോവിന്ദൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ചതുപോലെ നിലപാട്‌ സ്വീകരിക്കാൻ കോൺഗ്രസിന്‌ സാധിക്കുമോ. വിശ്വാസികൾക്കും അവിശ്വാസികൾക്കുമെല്ലാം പൗരത്വ അവകാശം നിലനിൽക്കുന്ന രാജ്യമാണ്‌ ഇന്ത്യ. പൗരത്വ നിയമം നടപ്പാക്കുന്നത്‌ ഏതെങ്കിലും വിഭാഗത്തെമാത്രം ബാധിക്കുന്നതല്ല. കോർപറേറ്റ്‌ നയങ്ങൾക്ക്‌ എതിരായി രാജ്യത്തുയരുന്ന പ്രതിഷേധങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം കൂടിയാണിത്‌.

പൗരത്വ നിയമത്തിനെതിരെ ശരിയായ നിലപാട്‌ സ്വീകരിക്കാൻ ഇടതുപക്ഷത്തിനായിട്ടുണ്ട്‌. കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടെടുത്തു. കേരളം പ്രമേയം പാസാക്കുകയും സുപ്രീംകോടതിയിൽ ഹർജി നൽകുകയും ചെയ്‌തു. മതനിരപേക്ഷ കക്ഷികൾ ബിജെപിക്കെതിരെ യോജിച്ച്‌ അണിനിരക്കുകയാണ്‌. നിയമം നടപ്പാക്കാനുള്ള ചട്ടങ്ങൾ നടപ്പാക്കുന്നതിലൂടെ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച്‌ ഭരണത്തിൽ തുടരാൻ കഴിയുമോ എന്ന ശ്രമമാണ്‌ ബിജെപി നടത്തുന്നത്‌.

യോജിക്കാവുന്ന എല്ലാ വിഭാഗം ആളുകളെയും ചേർത്ത്‌ ശക്തമായി മുന്നോട്ട്‌ പോകും. യോജിച്ച പ്രക്ഷോഭത്തിനില്ലെന്ന വി ഡി സതീശന്റെ പ്രഖ്യാപനം ബിജെപിയെ സഹായിക്കാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴയ്‌ക്കരുതെന്നത്‌ ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്‌. എന്നാൽ, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയടക്കം എല്ലാ കാര്യങ്ങളും വോട്ട്‌ ലക്ഷ്യമിട്ടുള്ളതാണ്‌. ജമ്മു കശ്‌മീരിന്‌ പ്രത്യേകാധികാരം നൽകുന്ന 370–-ാം വകുപ്പ്‌ എടുത്ത്‌ മാറ്റിയതും മുത്തലാഖുമാത്രം ക്രിമിനൽ പരിധിയിൽ കൊണ്ടുവന്നതും ഏകീകൃത സിവിൽകോഡ്‌ അടിച്ചേൽപ്പിക്കാനുള്ള നീക്കവുമെല്ലാം മുസ്ലിം, ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ നീക്കമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisements