KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ മികവിന് സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പ് അവാർഡ്

പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ മികവിന് സംസ്ഥാന സർക്കാരിൻ്റെ കായകൽപ്പ് അവാർഡ്. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധാ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. ആശുപത്രിയിൽ കാഷ്യാലിറ്റി, ഫാർമസി തുടങ്ങിയ ഡിപ്പാർട്ടുമെൻ്റുകളിൽ നടത്തിയ പെയിൻ്റിങ്, വാർഡുകളിൽ രോഗികൾക്കായി സ്ഥാപിച്ച ഷെൽഫുകൾ, വാഷ് ബേസിനുകൾ, കാഷ്യാലിറ്റിയിൽ ആവശ്യാനുസരണം വീൽചെയറുകൾ, ട്രോളികൾ, ഓപറേഷൻ തിയറ്ററിന്റെ മെയിന്റനൻസ്‌, ആശുപത്രി ജീവനക്കാർക്കുള്ള റിക്രിയേഷൻ ഏരിയ, ഓർഗാനിക് ഗാർഡൻ, ജീവനക്കാർക്കും ഭിന്നശേഷിക്കാർക്കും രോഗികൾക്കുമായി പ്രത്യേക പാർക്കിങ് സൗകര്യം, ആശുപത്രിയിലേക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, ഭിന്നശേഷി സൗഹൃദ ശുചിമുറികൾ എന്നിവ പരിഗണിച്ചാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് അംഗീകാരം ലഭിച്ചത്.

ഒരുലക്ഷം രൂപ അവാർഡ് തുകയായി ആശുപത്രിക്ക് ലഭിക്കും. ഇതിനെല്ലാംപുറമെ നിരവധി വികസന പ്രവർത്തനങ്ങളാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നടപ്പാക്കിയത്. മാസത്തിൽ 12,000ത്തിൽപ്പരം രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രിയുടെ നടത്തിപ്പിനായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്തിയ പരിഗണനയാണ് നൽകുന്നത്. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാർ കിഫ്ബി മുഖേന 78 കോടി രൂപയാണ് അനുവദിച്ചത്. 56 കോടി രൂപയുടെ കെട്ടിട നിർമാണം ആരംഭിച്ചിട്ടുണ്ട്.

 

Share news