KOYILANDY DIARY

The Perfect News Portal

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് ശ്രീനാരായണഗുരുവും സർവമതസമ്മേളനവും; മന്ത്രി വി എൻ വാസവൻ

ആലുവ: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ് ശ്രീനാരായണഗുരുവും സർവമതസമ്മേളനവുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ 101-ാമത് സർവമതസമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വമാനവികതയുടെ സന്ദേശമാണ് ഗുരു ഉയർത്തിയത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള പ്രശ്‌നങ്ങൾ ദിവസവും സംഭവിക്കുന്ന വർത്തമാനകാലത്ത് ഗുരുവിന്റെ ആശയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

101–-ാമത് സർവമത സമ്മേളനം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡണ്ട് സച്ചിദാനന്ദസ്വാമി ഉദ്ഘാടനം ചെയ്തു. ആലുവ എസ്എൻഡിപി സ്‌കൂൾ പൊളിക്കരുതെന്നും ഇക്കാര്യത്തിൽ എംഎൽഎയും മന്ത്രിയും സംസ്ഥാന സർക്കാരും പ്രത്യേക ശ്രദ്ധചെലുത്തണമെന്നും സച്ചിദാനന്ദ സ്വാമി ആവശ്യപ്പെട്ടു. ഭരണഘടന തയ്യാറാക്കുന്നതിൽപ്പോലും ഗുരുവചനങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായ ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ഡോ. ഏലിയാസ് മാർ അത്തനാസിയോസ് മെത്രാപോലീത്ത, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ, ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അൻവർ സാദത്ത് എംഎൽഎ, ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, സ്വാമി വിവിക്താനന്ദ, കെ യു മോഹനൻ, വി കെ മുരളീധരൻ എന്നിവർ സംസാരിച്ചു.