KOYILANDY DIARY

The Perfect News Portal

മാതൃത്വമോ ജോലിയോ ഏതെങ്കിലും ഒന്ന്‌ തെരഞ്ഞെടുക്കാൻ സ്‌ത്രീകളെ  നിർബന്ധിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: മാതൃത്വമോ ജോലിയോ ഇതിൽ ഏതെങ്കിലും ഒന്ന്‌ തെരഞ്ഞെടുക്കാൻ സ്‌ത്രീകളെ  നിർബന്ധിക്കാനാകില്ലെന്ന് ഹൈക്കോടതി. തനിച്ച്‌ താമസിക്കുന്ന അമ്മമാർ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്‌. അവർക്ക്‌ ഒരേസമയം അച്ഛന്റെയും അമ്മയുടെയും റോളുകൾ  കൈകാര്യം ചെയ്യേണ്ടതുണ്ട്‌. അതിനാൽ തനിച്ച്‌ താമസിക്കുന്ന അമ്മമാരെയും കുട്ടികളെയും സംബന്ധിക്കുന്ന വിഷയത്തിൽ അനുകമ്പയോടെയുള്ള സമീപനമാണ്‌ സർക്കാരുകൾ സ്വീകരിക്കേണ്ടതെന്ന്‌ ജസ്‌റ്റിസ്‌ മുഹമ്മദ്‌ മുഷ്‌താഖ്‌, ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌ വ്യക്തമാക്കി.

വിവാഹമോചിതയും 11 വയസ്സുള്ള കുട്ടിയുടെ അമ്മയുമായ കൊച്ചി കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയ്‌ക്ക്‌ ത്രിപുരയിലെ അഗർത്തലയിലേക്ക് സ്ഥലംമാറ്റം നൽകിയതിനെതിരെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ്‌ ചോദ്യം ചെയ്‌ത്‌ കേന്ദ്രസർക്കാരും കേന്ദ്രീയ വിദ്യാലയവും നൽകിയ ഹർജിയിലാണ്‌ നിരീക്ഷണം. കേസ് വീണ്ടും പരിഗണിക്കാനും ഹർജിക്കാരിയെ കേരളത്തിലോ അയൽ സംസ്ഥാനങ്ങളിലോ നിയമിക്കുന്നത് പരിഗണിക്കാനും നിർദേശിച്ച്‌ ട്രിബ്യൂണൽ ഹർജി തീർപ്പാക്കി.

 

2018ൽ വിവാഹമോചിതയായെങ്കിലും കുട്ടിയുടെ സംരക്ഷണം ഹർജിക്കാരിക്കായിരുന്നു. അതിനാൽ ദൂരേക്ക് മാറ്റിയാൽ കുട്ടിയുടെ സന്ദർശകാവകാശമുള്ള അച്ഛന്‌ കാണാൻ കഴിയില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. ഹർജിക്കാരിയെ ദൂരേക്ക്‌ സ്ഥലംമാറ്റിയാൽ മാതാപിതാക്കളിൽനിന്ന്‌ സ്‌നേഹവും വാത്സല്യവും ലഭിക്കാനുള്ള കുട്ടിയുടെ മൗലികാവകാശം ഹനിക്കപ്പെടുമെന്ന്‌ കോടതി വ്യക്തമാക്കി. പുതിയ സ്ഥലത്ത്‌ ജോലിയിൽ പ്രവേശിക്കാത്തതിനാൽ സ്ഥാനക്കയറ്റത്തിനുള്ള അവകാശം ഹർജിക്കാരിക്കില്ല എന്ന്‌ പറയാനാകില്ല. അതിനാൽ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ്‌ ട്രിബ്യൂണലിന്റെ ഉത്തരവിൽ ഇടപെടൽ ആവശ്യമില്ലെന്ന് വിലയിരുത്തിയ കോടതി ഹർജി തീർപ്പാക്കി. 

Advertisements