KOYILANDY DIARY

The Perfect News Portal

ഇന്ത്യയിൽ ഇന്നും സ്‌ത്രീകൾ തുല്യതയ്‌ക്കുവേണ്ടി പോരാടുകയാണ്; മറിയം ധാവ്‌ളെ

കൊച്ചി: വനിതാ ദിനാചരണം നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇന്ത്യയിൽ ഇന്നും സ്‌ത്രീകൾ തുല്യതയ്‌ക്കുവേണ്ടി പോരാടുകയാണെന്ന്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ. ഇടതുപക്ഷ സംഘടനകളാണ്‌ ലോകമെമ്പാടും സ്‌ത്രീസമത്വത്തിനായി വാദിക്കുന്നതെന്നും ഒരു മുതലാളിത്ത പാർടിയും സ്‌ത്രീകളെ ശാക്തീകരിക്കാൻ മുന്നിട്ടിറങ്ങാറില്ലെന്നും അവർ പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹിളാസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മറിയം ധാവ്‌ളെ. മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്‌തമാണ്‌ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലെ സ്ഥിതി. ഇവിടെ സ്‌ത്രീകൾക്ക്‌ സമത്വവും സ്വാതന്ത്ര്യവുമുണ്ട്‌. വിളർച്ചയും പട്ടിണിയുംമൂലം സ്‌ത്രീകൾ മരിക്കുന്ന അവസ്ഥയില്ല. വിലക്കയറ്റം മൂലമുള്ള ദുരവസ്ഥയും കേരളത്തിലില്ല.

 

ഒരു വർഷം രണ്ടുകോടി തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്‌ത്‌ അധികാരത്തിൽ വന്ന മോദി സർക്കാർ ഭരിക്കുന്ന രാജ്യത്ത്‌ ഇന്ന്‌ 50 ശതമാനത്തിലധികം യുവതീയുവാക്കൾ തൊഴിൽരഹിതരാണ്‌. കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങളും കൂടിവരികയാണ്‌–- മറിയം ധാവ്‌ളെ പറഞ്ഞു. 
മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ടി വി അനിത അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റി അംഗം ഗീനാകുമാരി, ജില്ലാ സെക്രട്ടറി പുഷ്‌പ ദാസ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടെസി ജേക്കബ്‌, ബീന ബാബുരാജ്, എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർത്ഥി കെ ജെ ഷൈൻ എന്നിവർ സംസാരിച്ചു.

Advertisements