KOYILANDY DIARY.COM

The Perfect News Portal

പ്രവാസികൾക്കായി പോരാട്ടം തുടരുമെന്ന് സീതാറാം യെച്ചൂരി.

പ്രവാസികൾക്കായി പോരാട്ടം തുടരുമെന്ന് സീതാറാം യെച്ചൂരി. രാജ്യത്തെ പ്രവാസി സമൂഹത്തിനായുള്ള പോരാട്ടം ഇടതുപാർട്ടികൾ പാർലമെൻ്റിലും പുറത്തും ശക്തമായി തുടരുമെന്ന്‌ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. കേരള പ്രവാസി സംഘത്തിൻ്റെ പാർലമെൻ്റ് മാർച്ച്‌ ജന്തർ മന്തറിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷം സമ്മർദം ചെലുത്തിയാണ്‌ മൻമോഹൻ സിങ്ങ് സർക്കാർ പ്രവാസി കാര്യവകുപ്പ്‌ രൂപീകരിച്ചത്‌. എന്നാൽ മോദി സർക്കാർ ഇത്‌ ഒഴിവാക്കി. ബ്രിട്ടീഷുകാർ പാസാക്കിയ കുടിയേറ്റ നിയമം പൊളിച്ചെഴുതണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിൽ ജോലിയും വരുമാനവും നഷ്ടപ്പെട്ട്‌ മടങ്ങേണ്ടി വന്ന പ്രവാസികൾക്ക്‌ കേരളം ഒട്ടേറെ ക്ഷേമപദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രം രാജ്യവ്യാപകമായി ഇത്തരം പദ്ധതികൾ രൂപീകരിക്കണം. അതിന് ആവശ്യമായ ഫണ്ടും നൽകണം. ഇത്‌ നേടിയെടുക്കാൻ യോജിച്ച പോരാട്ടത്തിന്‌ രംഗത്തിറങ്ങണമെന്നും യെച്ചൂരി ആഹ്വാനം ചെയ്‌തു. കേന്ദ്ര ബജറ്റിൻ്റെ 33 ശതമാനം സംഭാവന ചെയ്യുന്ന പ്രവാസികളോട്‌ കടുത്ത അനീതിയാണ്‌ കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്താദ്യമായി ഒരു സംസ്ഥാനം പ്രവാസികൾക്കായി വകുപ്പ്‌ രൂപീകരിച്ചത്‌ കേരളത്തിലാണെന്ന്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എം. എ. ബേബി പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് ഗഫൂർ. പി. ലില്ലീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. വി. അബ്ദുൾ ഖാദർ, ആർ. ശ്രീകൃഷ്‌ണപിള്ള, ബാദുഷ കടലുണ്ടി, പി. സെയ്‌താലിക്കുട്ടി തുടങ്ങിയവർ സംസാരിച്ചു.

Advertisements
Share news