ഓണാവധി: പെട്രോൾ പമ്പുകൾ അടച്ചിട്ടതോടെ കൊയിലാണ്ടിയിൽ യാത്രക്കാർ ദുരിതത്തിൽ
.
കൊയിലാണ്ടി: ഓണാവധിയിൽ കൊയിലാണ്ടിയിൽ ഭൂരിപക്ഷം പെട്രോൾ പമ്പുകളും അടച്ചിട്ടതോടെ പെട്രോൾക്ഷാമം രൂക്ഷം. യാത്രക്കാർ ഇന്ധനം കിട്ടാതെ വലയുന്നു. തൊഴിലാളികൾ ഓണാവധിയിലായതോടെയാണ് പമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥ വന്നത്. അരങ്ങാടത്തുള്ള സായി പെട്രോൾപമ്പ് മാത്രമാണ് തുറന്നത്. അവിടെയാണെങ്കിൽ നീണ്ട ക്യൂ കാരണം മണിക്കൂറുകളോളം നിൽക്കേണ്ട അവസ്ഥയിലാണ്. ഇതോടെ ഓണം സവാരിക്കിറങ്ങിയ പലരും പെരുവഴിയിലായിരിക്കുകയാണ്. കൊല്ലത്തെ പമ്പ് ഉൾപ്പെടെയുള്ള 5 പമ്പുകളിൽ നാലെണ്ണവും അടഞ്ഞുകിടക്കുകയാണ്.


ഉച്ചക്ക്ശേഷം സ്ഥിതി ഇതിലും രൂക്ഷമാകും. കൊല്ലത്ത് പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം രാവിലെ കുറച്ച് സമയം തുറന്നെങ്കിലും പിന്നീട് അടച്ചിടുകയായിരുന്നു. മറ്റ് സമീപത്തുള്ള പമ്പുകളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണുള്ളത്. ദീർഘദൂര യാത്രക്കിറങ്ങുന്ന പലരും ഇന്നലെ തന്നെ പെട്രോൾ അടിച്ചവെച്ചത് വലിയ ആശ്വാസമായിട്ടുണ്ട്. ഓണ സദ്യ കഴിഞ്ഞ് ഉച്ചക്കുശേഷം ബന്ധുവീട്ടിലേക്കും വിനോദ സഞ്ചാര കേന്ദ്രത്തിലേക്കും പോകുന്നവർ പെരുവഴിയിലാകാനാണ് സാധ്യത.




