KOYILANDY DIARY

The Perfect News Portal

സഞ്‌ജു ടെക്കിയുടെ ലൈസൻസ്‌ റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ്‌ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ

ആലപ്പുഴ: യൂട്യൂബർ സഞ്‌ജു ടെക്കിയുടെ ലൈസൻസ്‌ റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ്‌ ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സഞ്‌ജു ടെക്കി സ്ഥിരം നിയമലംഘകൻ എന്ന്‌ കണ്ടെത്തിയ ഉത്തരവിൽ പൊതുസമൂഹത്തിന്റെ എല്ലാ മര്യാദകളും ഇയാൾ ലംഘിച്ചതായും പരാമർശമുണ്ട്‌. നിയമവ്യവസ്ഥയെ പരസ്യമായി വെല്ലുവിളിച്ച യൂട്യൂബർ തുടർന്ന്‌ വാഹനം ഓടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണ്‌.

Advertisements

നിയമം ലംഘിക്കുക മാത്രമല്ല, നിയമലംഘനങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രദർശിപ്പിച്ച്‌ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നതും ഗൗരവതരമാണ്‌.  മോട്ടോർ വാഹന നിയമവും, 2017ലെ മോട്ടോർ വാഹന ചട്ടങ്ങളും പാലിക്കാതെയാണ് സഞ്‌ജു വാഹനങ്ങൾ ഉപയോഗിക്കുന്നത്.

 

അമിതവേഗത്തിൽ വാഹനം ഓടിക്കുക, വാഹനത്തിൽ അനധികൃതമായി മാറ്റം വരുത്തി നിരത്തിലിറക്കുക, അമിതശബ്‌ദമുള്ള സ്‌പീക്കർ ഘടിപ്പിച്ച്‌ ശബ്‌ദമലിനീകരണമുണ്ടാക്കുക, ലോറിയുടെ പിറകിൽ ടാർപ്പോളിൻ ഷീറ്റ് വിരിച്ച് സ്വിമ്മിങ്‌ പൂൾ ഉണ്ടാക്കുക, മൊബൈൽ ഫോണിൽ സെൽഫി വീഡിയോ ചിത്രീകരിച്ച്‌ അപകടകരമായ രീതിയിൽ വാഹനം ഓടിക്കുക, പൊതുനിരത്തിൽ മത്സരയോട്ടം നടത്തുക തുടങ്ങിയ നിയമലംഘനങ്ങളെക്കുറിച്ചും ഉത്തരവിൽ പറയുന്നു. ലക്ഷക്കണക്കിന് കാഴ്‌ചക്കാർ ഉള്ള വ്ലോഗർമാർതന്നെ നിയമലംഘനങ്ങളുടെ വീഡിയോ പ്രചരിപ്പിക്കുമ്പോൾ അത് അനുകരിക്കാൻ പലരും ശ്രമിച്ചേക്കാം. 

Advertisements

 

സഞ്‌ജു ടെക്കിക്കെതിരായ കർശന നടപടി നിയമലംഘകർക്കും നിയമത്തെ നിസാരവൽക്കരിക്കുന്നവർക്കും താക്കീതാണെന്നും മോട്ടോർ വാഹനവകുപ്പ്‌ ഉത്തരവിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിച്ചതിന് 35,000 രൂപ പിഴ അടച്ച സംഭവം ഉൾപ്പടെ പലതവണ സഞ്‌ജു എംവിഡിയുടെ നടപടി നേരിട്ടതായും ഉത്തരവിലുണ്ട്‌. സഞ്‌ജു ടെക്കിയുടെ യൂട്യൂബ്‌ ചാനലിൽ അപ്‌ലോഡ്‌ ചെയ്‌ത വീഡിയോകളിൽ 12 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ ലൈസൻസ്‌ ആജീവനന്തം റദ്ദാക്കിയത്‌.