സുബൈർ വധം: രാഷ്ട്രീയ കൊലപാതകമെന്ന് എഫ്.ഐ.ആർ

പാലക്കാട്: എലപുള്ളിയിലെ എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍. നടന്നത് മാരകായുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള അരും കൊലയാണെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു.

കൊല്ലപ്പെട്ട സുബൈറിന്റെ അച്ഛന് അബൂബക്കറിന്റെ പരാതിയിലാണ് പാലക്കാട് കസബ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ഉപ്പയുടെ കൺമുന്നില് വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.


കൊല്ലപ്പെട്ട സുബൈറിന്റെ മൃതദേഹം ശനിയാഴ്ച കബറടക്കും. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഉച്ചക്ക് മുന്‍പെ തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ടോടെ സംസ്കാര ചടങ്ങുകള്‍ നടക്കും. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമുണ്ട് എന്നുതന്നെയാണ് പോലീസിന്റെ നിഗമനം. ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.


