KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കും. ഒപ്പം പെന്‍ഷൻ അനുവദിക്കാനും നടപടിയാകുന്നു

മേയറുടെയും തദ്ദേശ ജനപ്രതിനിധികളുടെയും ഓണറേറിയം 50 ശതമാനം വര്‍ദ്ധിപ്പിക്കാനും, പെൻഷൻ ഏർപ്പെടുത്താനും നടപടികൾ പൂർത്തിയാകുന്നു, കൊയിലാണ്ടി നഗരസഭ കൗൺസിലറും സിപിഐഎം പ്രവർത്തകനുമായ എൻ.എസ്. വിഷ്ണു ആണ് ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽകൊണ്ടുവന്നത്. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷിന് 2022 ജൂലായ് 14ന് വിഷ്ണു കത്തയച്ചിരുന്നു. 2022 നവംബർ 17ന് കത്തിന് മറുപടിയായി ഓണറേറിയം വർദ്ധിപ്പിക്കാൻ തൽക്കാലം നിവൃത്തിയില്ല എന്ന മറുപടി ലഭിച്ചെങ്കിലും ഇപ്പോൾ അത് അംഗീകരിച്ചുവന്നിരിക്കയാണ്. അതിന് ഭാഗവാക്കാവാൻ കഴിഞ്ഞ സന്തോഷത്തിലാണ് എൻ.എസ്. വിഷ്ണു.
മുഖ്യമന്ത്രിയുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചതിന് ശേഷമാകും ഇവരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.  മുഖ്യമന്ത്രിയുടേയും എംഎല്‍എമാരുടെയും ശമ്പളം അടുത്ത നിയമസഭ സമ്മേളനത്തില്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് അറിയുന്നത്. മേയറുടെ നിലവിലെ ശമ്പളം 15,800 രൂപയും. ഡെപ്യൂട്ടി മേയറുടെ ശമ്പളം 13,200 രൂപയും. കൗണ്‍സിലറുടെ ശമ്പളം 8,200 രൂപയും ആണ്. മേയറുടെ അതേ ശമ്പളമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്. വൈസ് പ്രസിഡന്റിന് 13,200 രൂപയും മെമ്പര്‍മാര്‍ക്ക് 8800 രൂപയും ആണ് ലഭിക്കുന്നത്. മുനിസിപ്പാലിറ്റില്‍ ചെയര്‍മാന് 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയും കൗണ്‍സിലര്‍മാര്‍ക്ക് 7,600 രൂപയും ആണ് നിലവിലെ ശമ്പളം.
ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡണ്ടിന് 14,600 രൂപയും വൈസ് പ്രസിഡണ്ടിന് 12,000 രൂപയും മെമ്പര്‍മാര്‍ക്ക് 7,600 രൂപയും ആണ് നിലവിലെ ശമ്പളം.
ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ടിന് 13,200 രൂപയും വൈസ് പ്രസിഡണ്ടിന് 10,600 രൂപയും മെമ്പര്‍മാര്‍ക്ക് 7,000 രൂപയും ആണ് ശമ്പളം. ശമ്പളത്തില്‍ 50 ശതമാനം വര്‍ദ്ധനവ് ഉണ്ടാകും. കൂടാതെ തദ്ദേശ ജനപ്രതിനിധികള്‍ക്ക് പെന്‍ഷനും അനുവദിക്കും. പെന്‍ഷന്‍ അനുവദിക്കണമെന്ന് തദ്ദേശ ജനപ്രതിനിധികൾ ദീര്‍ഘകാലമായി ആവശ്യപ്പെടുകയായിരുന്നു. തദ്ദേശ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
പഞ്ചായത്തുകള്‍ മുതല്‍ കോര്‍പറേഷന്‍ വരെയുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതം കൂട്ടാനാണ് തീരുമാനം. അതേസമയം, ശമ്പളം ഉയര്‍ത്തുന്നതും പെന്‍ഷന്‍ നല്‍കുന്നതും അധിക സാമ്പത്തിക ബാദ്ധ്യത സൃഷ്ടിക്കുമെന്നും അതോടൊപ്പം വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതും സാമ്പത്തിക ബാദ്ധ്യതയ്ക്ക് ആക്കം കൂട്ടുമെന്ന വിമർശനവുമുണ്ട്.
Share news