KOYILANDY DIARY

The Perfect News Portal

നാടിനെ നേർവഴിക്ക് നയിക്കുന്നതിൽ റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ നിർണായക പങ്കാണുള്ളത്; മുഖ്യമന്ത്രി

കൊച്ചി: നാടിനെ നേർവഴിക്ക് നയിക്കുന്നതിൽ റസിഡന്റ്‌സ്‌ അസോസിയേഷനുകൾക്ക്‌ നിർണായക പങ്കാണുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച, റസിഡന്റ്‌സ്‌ അസോസിയേഷനുകളുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സൃഷ്‌ടിയുടെ ഭാഗമായി 10 വ്യത്യസ്‌ത വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖ പരിപാടിയിൽ അവസാനത്തേതായിരുന്നു ഇത്‌.

റസിഡന്റ്‌സ്‌ അസോസിയേഷനുകളെ നിയമപരമായി വ്യവസ്ഥ ചെയ്യേണ്ട ഘട്ടമാണിതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി നിയമത്തിൽ റസിഡന്റ്‌സ്‌ വെൽഫെയർ അസോസിയേഷനുകൾ വേണമെന്ന്‌ വ്യവസ്ഥ ചെയ്യുന്നുണ്ട്. അസോസിയേഷനുകൾ വ്യാപകമായാൽ സമൂഹത്തിൽ ഇന്നുകാണുന്ന  പല ദുഷിപ്പുകളും അവസാനിപ്പിക്കാം. കുട്ടികൾ വഴിതെറ്റിപ്പോകുന്നതും യുവാക്കൾ മയക്കുമരുന്നിന്‌ അടിമയാകുന്നതും പെൺകുഞ്ഞുങ്ങൾ ഉപദ്രവിക്കപ്പെടുന്നതും തടയാനാകും. അതിദാരിദ്ര്യ നിർമാർജനം, പാർപ്പിടസൗകര്യം ഒരുക്കൽ, മാലിന്യസംസ്കരണം, സംരംഭകത്വ വികസനം എന്നിങ്ങനെ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതികളിൽ നേതൃപരമായ പങ്കുവഹിക്കാനും അസോസിയേഷനുകൾക്കാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സേവനങ്ങള്‍ വൈകിപ്പിക്കുന്നതും അഴിമതി: മുഖ്യമന്ത്രി
ചെറിയവിഭാഗം ജീവനക്കാർ ഇപ്പോഴും അഴിമതിയിൽനിന്ന് മുക്തരായിട്ടില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരക്കാരാണ് നിസ്സാര കാരണങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷകൾ മടക്കുന്നതും പരിഹാരം വൈകിപ്പിക്കുന്നതും. അകാരണമായ വൈകിപ്പിക്കൽ അഴിമതിയായി കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റസിഡന്റ്‌സ്‌ അസോസിയേഷൻ പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

Advertisements

 

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് തീരുമാനം വേഗത്തിലാക്കണമെന്നാണ് സർക്കാർ നിലപാട്. ഒരു താലൂക്കിന് ഒരു ഡെപ്യൂട്ടി കലക്ടർ എന്ന നിലയിൽ 88 ഡെപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകാനുള്ള നിയമഭേദഗതി നിയമസഭ പാസാക്കി. ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ നിയമമാക്കാൻ കഴിഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ വികസനസമിതിയിൽ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്താൻ തടസ്സമില്ല. ശുചിമുറിമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ 25 സിവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അഞ്ചെണ്ണം പൂർത്തിയായി.

 

എസ്ടിപി പ്ലാന്റുകൾ നാടിന്റെയും ജനങ്ങളുടെയും ആരോഗ്യപരിരക്ഷയ്ക്ക് അത്യാവശ്യമാണ്. സ്വകാര്യ സ്ഥാപനങ്ങളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സിസിടിവി കാമറകൾ പൊലീസ് സ്‌റ്റേഷനുകളുമായി ലിങ്ക് ചെയ്യുന്നത് ആലോചിക്കും. ഹൗസ് ബോട്ടുകളിലെ മാലിന്യസംസ്കരണത്തിനായി 3.70 കോടി രൂപയുടെ ട്രീറ്റ്മെന്റ് പ്ലാന്റുകൾ തയ്യാറാക്കും. കടത്തിണ്ണകളിലും റോഡുകളിലും അതിഥിത്തൊഴിലാളികൾ കിടന്നുറങ്ങുന്നത് ഗൗരവമായി കണ്ട് ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.