ഹാരപ്പൻ സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തി ഗവേഷകർ

തിരുവനന്തപുരം: ഹാരപ്പൻ സംസ്കാരത്തിന്റെ ബിസി 3200 കാലഘട്ടത്തിലെ തെളിവുകൾ കണ്ടെത്തി കേരള സർവകലാശാലയിലെ ഗവേഷകർ. ജനവാസമേഖലയുടെ സാന്നിധ്യം ഉറപ്പാക്കുന്ന വീടുകളുടെ ഘടനാപരമായ അവശേഷിപ്പുകൾ, മൺപാത്രങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. കേരള സർവകലാശാലയിലെ ആർക്കിയോളജി വിഭാഗത്തിലെ അസി. പ്രൊഫസർമാരായ ജി എസ് അഭയൻ, എസ് വി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഗുജറാത്തിലെ പഡ്താബേട്ടിലെ കുന്നിൻ ചെരിവിലാണ് ഉദ്ഖനനം നടത്തിയത്.

ഫെബ്രുവരിയിലും മാർച്ചിലുമായിരുന്നു പഠനം. അരമീറ്ററോളംമാത്രം താഴ്ചയിൽനിന്നാണ് അവശിഷ്ടങ്ങൾ ലഭിച്ചത്. 2019ൽ കേരള സർവകലാശാലയിലെ പുരാവസ്തു ഗവേഷകരുടെ സംഘം ഇവിടെനിന്ന് 1.5 കിലോമീറ്റർ അകലെയുള്ള ജുനഖട്ടിയിൽ ആദ്യകാല ഹാരപ്പൻ ശ്മശാനത്തിൽ ഉദ്ഖനനങ്ങൾ നടത്തിയിരുന്നു.

കേരള സർവകലാശാലയിലെയും കർണാടക കേന്ദ്ര സർവകലാശാലയിലെയും ആർക്കിയോളജി പിജി വിദ്യാർത്ഥികൾ, ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ ബിരുദ വിദ്യാർത്ഥികൾ, കെഎസ്‌കെവി കച്ച് സർവകലാശാലയിലെ പിജി വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഖനനം. കേരള സർവകലാശാലയാണ് ഗവേഷണത്തിന്റെ ചെലവുകൾ പ്രധാനമായും വഹിക്കുന്നത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് ഖനനം ആരംഭിച്ചത്. ലഭിച്ച പുരാവസ്തുക്കൾ ശേഖരിച്ച് തുടർപഠനം നടത്തുമെന്ന് വകുപ്പു മേധാവി പ്രൊഫ. ജി എസ് അഭയൻ പറഞ്ഞു.

