KOYILANDY DIARY

The Perfect News Portal

പൂനെ കാർ അപകടം; പ്രതിയുടെ രക്തപരിശോധനയിൽ കൃത്രിമം കാണിച്ച 2 ഡോക്ടർമാർ അറസ്റ്റിൽ

പൂനെ: പൂനെയില്‍ മദ്യപിച്ച് 17കാരന്‍ കാറോടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ രക്തപരിശോധനാ റിപ്പോർട്ടിൽ കൃത്രിമം കാണിച്ച രണ്ടു ഡോക്ടർമാർ അറസ്റ്റിലായി. പൂനെയിലെ സാസൂൺ സർക്കാർ ആശുപത്രിയിലെ ഫോറൻസിക് ലാബ് മേധാവി ഡോ. അജയ് താവ്രെ, ഡോ. ശ്രീഹരി ഹാർണർ എന്നിവരെയാണ് പുണെ ക്രൈംബ്രാഞ്ച് അറസ്റ്റിലായത്.
Advertisements
അപകടത്തിൽ 2 പേർ മരിച്ചതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിൽ പ്രതിയായ കൗമാരക്കാരൻ മദ്യപിച്ചിരുന്നില്ലെന്നായിരുന്നു ഡോക്ടർമാർ റിപ്പോർട്ട് നൽകിയത്. എന്നാൽ സംഭവത്തിന് മുമ്പ് പ്രതി സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ റിപ്പോർട്ട് വ്യാജമാണെന്ന് ആക്ഷേപമുയർന്നു. പൂനെയിലെ സമ്പന്ന കുടുംബത്തിലെ അംഗമായ പ്രതിയെ രക്ഷിക്കാൻ പൊലീസും മറ്റ് അധികൃതരും ശ്രമിക്കുന്നുവെന്ന് തുടക്കം മുതൽ തന്നെ പരാതിയുണ്ടായിരുന്നു. 
മദ്യപിച്ചതിനെത്തുടർന്ന് അബദ്ധത്തിൽ സംഭവിച്ചുപോയ അപകടമോ കൊലപാതകമോ അല്ല ഇതെന്നും പോലീസ് പറഞ്ഞു. പ്രതിയായ 17 കാരൻ രണ്ട് ബാറുകളിൽ പോയി മദ്യപിക്കുകയും, നമ്പർ പ്ലേറ്റില്ലാത്ത കാർ അമിതവേഗത്തിൽ അലക്ഷ്യമായി ഓടിക്കുയും ചെയ്തു, ഇതേക്കുറിച്ചെല്ലാം ഇയാൾക്ക് ശരിക്കും ബോധ്യമുണ്ടായിരുന്നെന്നും പുണെ പൊലീസ് കമ്മിഷണർ അമൃതേഷ് കുമാർ പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ കൗമാരക്കാരൻ ജുവനൈൽ ഹോമിൽ കഴിയുകയാണ്.