KOYILANDY DIARY

The Perfect News Portal

കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യുപി സ്കൂളിലേക്കുള്ള വഴി റെയിൽവെ അധികാരികൾ അടക്കാനുള്ള നീക്ത്തിനെതിരെ പ്രതിഷേധം

കോരപ്പുഴ ഗവൺമെൻറ് ഫിഷറീസ് യുപി സ്കൂളിലേക്കുള്ള വഴി അടയ്ക്കാനുള്ള റെയിൽവേ അധികൃതരുടെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നു. 105-ാം വാർഷികം ആഘോഷിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിലേക്ക് വരുന്ന വിദ്യാർഥികളും നാട്ടുകാരും ഇത്രയും കാലമായി ഉപയോഗിച്ചിരുന്ന വഴിയാണ് റെയിൽവേ അടയ്ക്കാനുള്ള ശ്രമം നടത്തുന്നത്. നൂറിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഭൂരിപക്ഷം വിദ്യാർഥികളും റെയിൽവേ ലൈൻ കടന്നാണ് വിദ്യാലയത്തിലേക്ക് എത്തുന്നത്. 
ഈ വഴി അടയ്ക്കുന്നതോടെ സ്കൂളിൽ കുട്ടികൾക്ക് എത്തിച്ചേരാൻ സാധിക്കാത്ത അവസ്ഥ വന്നുചേരും. ബദൽ സംവിധാനം ഒരുക്കാതെ നിലവിലുള്ള വഴി അടയ്ക്കാനുള്ള റെയിൽവേ നീക്കത്തിൽ പ്രതിഷേധം ശക്തമാണ്. സ്കൂളിനോട് ചേർന്നുള്ള വഴിയിൽ അണ്ടർ പാസ്സ് നിർമ്മിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമാർഗ്ഗം.
Advertisements
വെള്ളിയാഴ്ചയാണ് വഴി പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് സ്കൂൾ ഹെഡ് ടീച്ചർക്ക് റെയിൽവേ ഉദ്യോഗസ്ഥർ നൽകിയത്. തുടർന്നാണ് റെയിൽവേ ജീവനക്കാർ വഴിയുടെ ഭാഗമായ കോണിപ്പടികൾ പൊളിച്ചു മാറ്റുന്നതിനും വഴി അടയ്ക്കുന്നതിനും വേണ്ടി സ്ഥലത്ത് എത്തിയിരുന്നുത്. നാട്ടുകാരും വിദ്യാർത്ഥികളും അധ്യാപകരും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ഉൾപ്പെടെ ഇതിനെതിരെ ശക്തമായ പ്രതിഷേധം തീർത്തു.
പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ  സ്കൂൾ ഹെഡ്മിസ്ട്രസ്
മിനി സുരേഷ് ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ ഷിബു, രാജലക്ഷമി
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. 
ബദൽ സംവിധാനം ഏർപ്പെടുത്തുന്നതു വരെ നിലവിലുള്ള വഴി അടയ്ക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. ഇവിടെ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും വേണ്ടി റെയിൽവേ അണ്ടർ പാസ് നിർമ്മിക്കണമെന്നും ജനനേതാക്കൾ ആവശ്യപ്പെട്ടു. പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി വഴി പൊളിച്ചു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ റെയിൽവേ അധികൃതർ നിർത്തിവെച്ചിട്ടുണ്ട്.
എങ്കിലും വഴി ഉടൻ തന്നെ പൊളിച്ചു മാറ്റുമെന്നാണ് റെയിൽവേ ജീവനക്കാർ പറയുന്നത്. ഇതിനെതിരെ ജനകീയ  ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ശക്തമാക്കാനാണ് ജനനേതാക്കളുടേയും നാട്ടുകാരുടെയും സ്കൂൾ പി.ടി എ യുടേയും തീരുമാനം.