പാസിങ് ഔട്ട് പരേഡ് ദിവസം എടുക്കുന്ന പ്രതിജ്ഞ സർവീസിലുടനീളം പാലിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: പാസിങ് ഔട്ട് പരേഡ് ദിവസം എടുക്കുന്ന പ്രതിജ്ഞ സർവീസിലുടനീളം പുലർത്താൻ പൊലീസുദ്യോഗസ്ഥർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്എപി, കെഎപി മൂന്നാം ബറ്റാലിയൻ എന്നിവിടങ്ങളിൽ ഒമ്പതുമാസത്തെ പരിശീലനം പൂർത്തിയാക്കിയ പൊലീസുദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 461 പേർ സേനയുടെ ഭാഗമായി.

എസ്‌എപിയിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മികച്ച ഓൾ റൗണ്ടർ എസ് രതീഷാണ്. മികച്ച ഔട്ട്ഡോറായി എസ് ജി നവീനും ഇൻഡോറായി ബി ജെ അഭിജിത്തും ഷൂട്ടറായി രാജ് രാജേഷും തെരഞ്ഞെടുക്കപ്പെട്ടു. കെഎപി മൂന്നാം ബറ്റാലിയനിൽ ഷൂട്ടറായി രാജ് രാജേഷും തെരഞ്ഞെടുക്കപ്പെട്ടു. കെഎപി മൂന്നാം ബറ്റാലിയനിൽ അനന്തു സാനു മികച്ച ഓൾ റൗണ്ടറായി.

മികച്ച ഔട്ട്ഡോറായി സച്ചിൻ സജീവും ഇൻഡോറായി ജി അനീഷും ഷൂട്ടറായി ആർ സച്ചിനും തെരഞ്ഞെടുക്കപ്പെട്ടു. ഇവർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ട്രോഫികൾ സമ്മാനിച്ചു. എസ്‌എപി ബറ്റാലിയനിൽ പരിശീലനം നേടിയവരിൽ ഒരാൾ എംടെക് ബിരുദധാരിയും 30 പേർ ബിടെക്കുകാരുമാണ്. ബിരുദാനന്തര ബിരുദമുള്ള 15 പേരും 80 ബിരുദധാരികളുമുണ്ട്. എംബിഎ, ബിബിഎ ബിരുദമുള്ള രണ്ടുപേർ വീതവുമുണ്ട്.

കെഎപി മൂന്നാം ബറ്റാലിയനിൽ പരിശീലനം പൂർത്തിയാക്കിയവരിൽ നാലുപേർ എംടെക്കുകാരും 35 പേർ ബിടെക്കുകാരുമാണ്. 23 ബിരുദാനന്തര ബിരുദധാരികളും 144 ബിരുദധാരികളും എംബിഎ ബിരുദമുള്ള അഞ്ചുപേരുമുണ്ട്.പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബടക്കം മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.

