ശബരിമലയിൽ തീർത്ഥാടക തിരക്ക്; ഇന്നലെ എത്തിയത് 89378 അയ്യപ്പന്മാർ
.
മണ്ഡല മകരവിളക്ക് തീർത്ഥാടനം 34 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ഇതുവരെയും ദർശനം നടത്തിയവരുടെ എണ്ണം 30 ലക്ഷം പിന്നിട്ടു. ഇന്നലെ ദർശനം നടത്തിയത് 89378 അയ്യപ്പന്മാരാണ്. മണിക്കൂറിൽ ശരാശരി 3,000 ത്തോളം ഭക്തർ വീതമാണ് പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ കണ്ടു തൊഴുതത്. 10000 ൽ അധികം പേരാണ് ഇന്നലെ സ്പോട്ട് ബുക്കിംഗ് സേവനത്തിലൂടെ സന്നിധാനത്ത് എത്തിയത്.

തീർത്ഥാടനം മണ്ഡല പൂജയോട് അടുക്കുമ്പോൾ വരും ദിവസങ്ങളിൽ ദിനംപ്രതി ഒരു ലക്ഷത്തിന് അടുത്ത് തീർത്ഥാടകർ സന്നിധാനത്ത് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും കണക്കുകൂട്ടൽ. പരമ്പരാഗത കാനന പാതയെ കൂടാതെ സത്രം പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിംഗ് ആയിരമായി നിജപ്പെടുത്തിയിരുന്നു. എന്നാൽ വെർച്വൽ ക്യൂ ബുക്കിംഗ് വഴി വണ്ടിപ്പെരിയാർ – പുല്ലുമേട് പാത തിരഞ്ഞെടുത്ത തീർത്ഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.




