മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തിൽ കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയി
.
മധ്യപ്രദേശിൽ കാർബൈഡ് ഗൺ ഉപയോഗിച്ചുള്ള ദീപാവലി ആഘോഷത്തിൽ കാഴ്ച നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണം 30 ആയതായി റിപ്പോർട്ട്. 300 ൽ അധികം പേർക്കാണ് പരുക്ക്. കളിപ്പാട്ടം എന്ന് കരുതിയാണ് ഗൺ ഉപയോഗിച്ചത്. പൊട്ടിത്തെറിയിൽ ലോഹ കഷ്ണങ്ങളും കാർബൈഡ് വാതകവും പുറന്തള്ളപ്പെട്ടു. ഇത് കണ്ണിൽ കൊണ്ട് ആണ് പരുക്കേറ്റത്.

സർക്കാർ ഒക്ടോബർ 18-ന് നിരോധനം ഏർപ്പെടുത്തിയിട്ടും പ്രാദേശിക ചന്തകളിൽ കാർബൈഡ് ഗൺ എന്ന പേരിലറിയപ്പെടുന്ന പടക്കം പരസ്യമായി വിറ്റഴിച്ചതായാണ് വിവരം. വിദിഷ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് അപകടമുണ്ടായത്. കുരങ്ങുകളെയും പക്ഷികളെയും തുരത്താൻ കർഷകർ ഉപയോഗിക്കുന്നതാണ് കാർബൈഡ് ഗൺ. കാർബൈഡ് ഗൺ കച്ചവടം ചെയ്ത 4 പേർ അറസ്റ്റിലായി. പരിശോധനയിൽ നൂറോളം കാർബൈഡ് ഗണ്ണുകൾ പിടിച്ചെടുത്തു.

150 മുതൽ 200 രൂപ വരെ വിലയുള്ള ഇത് ബോംബ് പോലെ പൊട്ടിത്തെറിക്കുമെന്നതാണ് പ്രത്യേകത. കാർബൈഡ് ഗൺ വാങ്ങി പൊട്ടിച്ചപ്പോൾ കണ്ണ് പൂർണ്ണമായും കരിഞ്ഞുപോയ സ്ഥിതിയിലാണെന്നും ഒന്നും കാണാൻ പോലും കഴിയുന്നില്ലെന്നും പരിക്കേറ്റവർ പറയുന്നു. സോഷ്യൽ മീഡിയയിലെ വീഡിയോകൾ കണ്ട് പലരും പടക്ക തോക്ക് വീട്ടിൽ ഉണ്ടാക്കാനും ശ്രമിച്ചതായാണ് വിവരം.




