കേരള സർവകലാശാല പ്രത്യേക സെനറ്റ് വിഷയത്തിൽ തീരുമാനമായില്ല; ഗവർണർ

തിരുവനന്തപുരം: കേരള സർവകലാശാല പ്രത്യേക സെനറ്റ് വിഷയത്തിൽ തീരുമാനമായില്ലെന്ന് ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകില്ലെന്ന തീരുമാനം സർവകലാശാല രാജ്ഭവനെ അറിയിച്ചിരുന്നു. എന്നാൽ, വിഷയം മുഴുവൻ പഠിക്കേണ്ടതായിട്ടുണ്ടെന്നും മുൻകൂട്ടി തീരുമാനം അറിയിക്കാൻ കഴിയില്ലെന്നും ഗവർണർ പറഞ്ഞു.

പ്രോ ചാൻസലറായ മന്ത്രി ആർ ബിന്ദു അധ്യക്ഷയായതിൽ ഗവർണർ ഞായറാഴ്ച നിയമോപദേശം തേടിയിരുന്നു. സർവകലാശാല ആക്ടിൽ പറയുന്ന ഗവർണറുടെ അഭാവത്തെ ഗവർണർ സ്ഥാനത്ത് ആളില്ലാത്ത അവസ്ഥയെന്ന് വ്യാഖ്യാനിക്കാനുള്ള ആലോചനയിലാണ് ഇവർ. ഇതിൽ തിരിച്ചടി നേരിടുമോയെന്ന സംശയം നിലനിൽക്കുകയാണ്. സെനറ്റ് യോഗം അംഗീകരിക്കില്ലെന്ന് അറിയിച്ച് ഗവർണറുടെ പ്രതിനിധികൾ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഗവർണറുടെ മറുപടിക്കായി ഇവരും കാത്തിരിക്കുകയാണ്.

