KOYILANDY DIARY

The Perfect News Portal

ലൈഫ്‌ ജാക്കറ്റ്‌ ഉപയോഗിക്കാതെ ബോട്ട് യാത്ര അനുവദിക്കരുത്‌: ഹൈക്കോടതി

കൊച്ചി: ലൈഫ്‌ ജാക്കറ്റ്‌ ഉപയോഗിക്കാതെ ബോട്ട് യാത്ര അനുവദിക്കരുത്‌: ഹൈക്കോടതി. സംസ്ഥാനത്ത്‌ ബോട്ട് ദുരന്തം ആവർത്തിക്കാതിരിക്കാൻ അനുവദനീയമായതിൽ കൂടുതൽ ആളുകളെ കയറ്റുന്നത്‌ തടയണമെന്ന്‌ ഹൈക്കോടതി. യാത്രക്കാർക്ക്‌ കാണാവുന്ന രീതിയിൽ പരമാവധി ഉൾക്കൊള്ളുന്ന ആളുകളുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും ബോട്ടിൽ എഴുതിവയ്‌ക്കണം. താനൂർ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ, ജസ്‌റ്റിസ്‌ സോഫി അന്നമ്മ തോമസ്‌ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്‌  ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

യാത്രക്കാരെ കയറ്റുന്നതിൽ സ്രാങ്ക്‌, ലാസ്‌കർ, മാസ്‌റ്റർ എന്നിവർക്കായിരിക്കും ഉത്തരവാദിത്വം. അനുവദനീയമായ സ്ഥലത്തു മാത്രമേ യാത്രക്കാരെ പ്രവേശിക്കാൻ അനുവദിക്കാവൂ. അല്ലാത്തിടങ്ങളിൽ ബാരിക്കേഡ്‌ വയ്‌ക്കണം. ബോട്ടുകളിൽ ജീവൻരക്ഷാ ഉപകരണങ്ങളുണ്ടെന്ന്‌ ഉറപ്പാക്കണം. ലൈഫ്‌ ജാക്കറ്റ്‌ ഉപയോഗിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കരുത്‌. ബോട്ടുകൾക്ക്‌ തേർഡ്‌ പാർടി ഇൻഷുറൻസ്‌ ഉറപ്പാക്കണം. യാത്രക്കാരുടെ രജിസ്‌റ്റർ സൂക്ഷിക്കുന്നത്‌ പരിഗണിക്കണമെന്നും ഉത്തരവിൽ പറയുന്നു. അഡ്വ. വി എം ശ്യാംകുമാറിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു.

Advertisements

താനൂരിൽ 22 പേരുടെ മരണമുണ്ടായത്‌ ബോട്ടിൽ അനുവദനീയമായതിൽ കൂടുതൽ പേർ കയറിയതിനാലാണെന്ന്‌ മലപ്പുറം കലക്ടർ ഹൈക്കോടതിയിൽ  സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.  22 പേർക്ക്‌ കയറാവുന്ന ബോട്ടിൽ 37 പേരുണ്ടായിരുന്നുവെന്നാണ്‌ റിപ്പോർട്ട്‌. ബോട്ടുടമയടക്കമുള്ളവർക്കെതിരെ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തെന്നും സർക്കാർ കോടതിയിൽ  വ്യക്തമാക്കി. ബോട്ടുമായി ബന്ധപ്പെട്ട്‌ പരാതി ഉയർന്നപ്പോൾ പെരുന്നാൾ സമയത്ത്‌ സർവീസ്‌ നിർത്തിവയ്‌പിച്ചതായും അടുത്ത ദിവസം വീണ്ടും സർവീസ്‌ ആരംഭിച്ചെന്നും താനൂർ മുനിസിപ്പാലിറ്റിയും അറിയിച്ചു.  സർക്കാരിന്റെ വാദങ്ങൾ പരിഗണിച്ച  കോടതി, ഡിടിപിസി ഉൾപ്പെടെയുള്ള  എതിർകക്ഷികൾക്ക്‌ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു. കേസ്‌ ജൂൺ ഏഴിലേക്ക്‌ മാറ്റി.

Advertisements