KOYILANDY DIARY.COM

The Perfect News Portal

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ; ആലിയ ഭട്ട്

തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ മാറിയെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. നിമിഷയുടെ അഭിനയം കണ്ട തന്റെ കണ്ണുനിറഞ്ഞുവെന്നും, അവർ തന്റെ പ്രിയപ്പെട്ട അഭിനേതാവായി മാറിയെന്നുമാണ് ആലിയ ഭട്ട് പറഞ്ഞത്. ആമസോൺ പ്രൈം വീഡിയോയിലൂടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ വെബ് സീരീസ് ‘പോച്ചറി’ലെ പ്രകടനത്തെ ചൂണ്ടിക്കാട്ടിയാണ് ആലിയ ഭട്ടിന്റെ പരാമർശം. എമ്മി പുരസ്കാര ജേതാവായ റിച്ചി മേത്തയാണ് പോച്ചർ സംവിധാനം ചെയ്യുന്നത്.

കേരളത്തിൽ അരങ്ങേറിയ ആനവേട്ടയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഈ സീരീസിൽ പ്രമേയമാവുന്നുണ്ട്. നിമിഷ സജയൻ സീരീസിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. “എനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവായി നിമിഷ സജയൻ മാറി, പ്രത്യേകിച്ചും സീരീസിന്റെ ക്ലൈമാക്സ്‌ രംഗങ്ങളിൽ. എന്തൊക്കെ വികാരങ്ങൾ ആവശ്യമായോ അതെല്ലാം നിമിഷ കൃത്യമായി കൊണ്ടുവന്നു. നിമിഷയുടെ പ്രകടനം അത്ഭുതപ്പെടുത്തി, എന്റെ കണ്ണ് നിറഞ്ഞുപോയി”. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഭട്ട് നിമിഷ സജയനെ കുറിച്ച് പറഞ്ഞത്.

 

റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, അങ്കിത് മാധവ്, രഞ്ജിത മേനോൻ, മാല പാർവ്വതി എന്നിവരാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ. ഇൻവെസ്റ്റിഗേറ്റീവ് ക്രൈം – ത്രില്ലർ രീതിയിലാണ് വെബ് സീരീസ് ഒരുങ്ങിയിരിക്കുന്നത്. അഭിനേത്രി, നിർമാതാവ്, സംരംഭക എന്നീ മേഖലകളിൽ മികവുതെളിയിച്ച ആലിയ ഭട്ട് ഈ സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയെക്കുറിച്ച് പറയുന്നതാണ് പോച്ചർ എന്ന ഈ വെബ് സീരീസ്.

Advertisements
Share news