KOYILANDY DIARY

The Perfect News Portal

കോഴിക്കോട് നഗരത്തിലെ കടകളില്‍ രാത്രി മോഷണം, യുവാവ് അറസ്റ്റിൽ

കോഴിക്കോട് നഗരത്തിലെ കടകളില്‍ രാത്രി മോഷണം, യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി അബ്ബാസ് (40) ആണ് പൊലീസിന്‍റെ പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ എൻ. പ്രജീഷിന്‍റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം കസബ പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് കടകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു.

മോഷണത്തിനു ശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട പ്രതി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.ഇ. ബൈജു ഐ.പി.എസിന്‍റെ നിർദ്ദേശപ്രകാരം റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലാത്. സിറ്റി ക്രൈം സ്ക്വാഡ് കഴിഞ്ഞ മൂന്ന് രാത്രികളിൽ തുടർച്ചയായി പരിശോധന നടത്തിയിരുന്നു. സമാനമായ കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയ കുറ്റവാളികളെ കുറിച്ച് അന്വേഷണം നടത്തിയപ്പോഴാണ് അബ്ബാസിനെപ്പറ്റി പൊലീസിന് വിവരം ലഭിച്ചത്.

ചെമ്മങ്ങാട് പന്നിയങ്കര, നടക്കാവ് പൊലീസ് സ്റ്റേഷനുകളിൽ കേസിലുൾപ്പെട്ട പ്രതിയായ അബ്ബാസിനെ സിറ്റി ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. അബ്ബാസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിൻ്റെ ചുരുളഴിഞ്ഞത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത് കുമാർ, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, കസബ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ജഗ്മോഹൻ ദത്ത്, സീനിയർ സി.പി.ഒ സുധർമ്മൻ, വിഷ്ണു പ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisements