KOYILANDY DIARY

The Perfect News Portal

കോഴിക്കോട്ട്‌ വീണ്ടും വൻ ലഹരിവേട്ട

കോഴിക്കോട്: നഗരത്തിൽ രണ്ടാം ദിവസവും വൻ ലഹരിവേട്ട. കാസർകോട്‌ സ്വദേശിയായ അഹമ്മദ് ഇർഷാദിനെയാണ് സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് വ്യാഴാഴ്‌ച പിടികൂടിയത്. 68 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന്‌ കണ്ടെടുത്തു. കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയത്.  ഗ്രാമിന് ആയിരം രൂപയ്ക്ക് ബംഗളൂരുവിൽനിന്ന്‌ കൊണ്ടുവരുന്ന എംഡിഎംഎ മൂവായിരം രൂപയ്ക്കാണ് കേരളത്തിൽ വിൽക്കുന്നത്‌.
ബംഗളൂരുവിൽ ചെരുപ്പ് കമ്പനിയിൽ ജോലിയാണെന്ന വ്യാജേനയാണ്‌ മയക്കുമരുന്ന് കടത്ത്‌. ലഹരി തേടിയെത്തുന്നവർക്ക് ഇർഷാദിന്റെ ഫോണിൽ ബന്ധപ്പെട്ടാൽ ഏത് തരം മയക്കുമരുന്നും ഞൊടിയിടയിൽ ലഭിക്കും. ബംഗളൂരുവിൽ ലഹരിവിൽപ്പനയ്‌ക്ക്‌ പേരുകേട്ട ആഫ്രിക്കൻ കോളനിയിൽനിന്നാണ് എംഡിഎംഎ കേരളത്തിലേക്ക് കൊണ്ടുവരുന്നത്‌. ബംഗളൂരു–കോഴിക്കോട് റൂട്ടിൽ രാത്രിയിൽ സർവീസ് നടത്തുന്ന ബസ്സുകളിലാണ് ഇയാൾ കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്നത്.
Advertisements
കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ  വീട്ടിൽ കയറി ആക്രമിച്ച്‌ വീട്ടുപകരണങ്ങളും വസ്ത്രങ്ങളും നശിപ്പിച്ചതിന്‌ പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. മയക്കുമരുന്ന്‌ വിൽപ്പനയിലെ  പ്രധാന കണ്ണിയാണ് ഇയാൾ.
 ബുധനാഴ്‌ച കാറിൽ മയക്കുമരുന്ന്‌ കടത്തുകയായിരുന്ന കണ്ണൂർ  മുഴപ്പിലങ്ങാട്  സ്വദേശി ഒമർ സുൻഹർ പിടിയിലായിരുന്നു. എക്‌സൈസിന്‌ ലഭിച്ച രഹസ്യ വിവരമനുസരിച്ച്‌ കാർ പിന്തുടർന്നാണ്‌  ബംഗളൂരുവിൽനിന്ന്‌ കൊണ്ടുവന്ന 15.061 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. എക്‌സൈസിനെ വെട്ടിക്കാൻ കാർ ജില്ലാ പൊലീസ്‌ മേധാവിയുടെ കാര്യാലയത്തിൽ കയറ്റിയപ്പോഴാണ്‌ കുടുങ്ങിയത്‌.
ടൗൺ അസി. കമീഷണർ പി ബിജുരാജ്‌,  കസബ ഇൻസ്പെക്ടർ എൻ പ്രജീഷ്‌, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം ഷാലു, എ പ്രശാന്ത്കുമാർ, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, കസബ എസ്‌ഐ ജഗ്‌മോഹൻ ദത്ത്,  വി കെ ഷറീനബി, സുധർമൻ, പി എം രതീഷ്, ശ്രീജേഷ് വെള്ളന്നൂർ, എസ് ശ്രീജിത്ത് എന്നിവരാണ് ഇർഷാദിനെ പിടികൂടിയ അന്വേഷകസംഘത്തിൽ ഉണ്ടായിരുന്നത്.