വൈപ്പിൻ ദ്വീപിന് പുതിയ ചരിത്രം; വൈപ്പിൻ ബസുകൾ നഗരത്തിലേക്ക്
വൈപ്പിൻ: വൈപ്പിൻ ദ്വീപിന് പുതിയ ചരിത്രം. സ്വകാര്യബസുകളുടെ നഗരപ്രവേശത്തിന് വഴിതുറന്ന് അന്തിമ വിജ്ഞാപനമിറങ്ങിയതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഒന്നര വ്യാഴവട്ടത്തിലേറെയായ ദ്വീപുജനതയുടെ കാത്തിരിപ്പാണ് സഫലമാകുന്നത്. എൽഡിഎഫ് സർക്കാരിന്റെയും എംഎൽഎയുടെയും നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലാണ് ബസുകളുടെ നഗരപ്രവേശം സാധ്യമാക്കിയത്.

വൈപ്പിൻകരയ്ക്കുമാത്രമായി പുതിയ സ്‌കീം തയ്യാറാക്കിയാണ് ദ്വീപ് ജനതയ്‌ക്ക് നൽകിയ വാഗ്‌ദാനം യാഥാർത്ഥ്യമാക്കിയത്. കൊച്ചി നഗരത്തിലെ ചില റൂട്ടുകൾ ദേശസാൽക്കരിക്കപ്പെട്ടതിനാൽ ഗോശ്രീ പാലത്തിലൂടെയുള്ള ബസുകൾക്ക് ഹൈക്കോടതി ജങ്‌ഷൻവരെയേ യാത്രാനുമതി ഉണ്ടായിരുന്നുള്ളൂ.

2004-ൽ ഗോശ്രീ പാലങ്ങളുടെ പണി പൂർത്തിയായതുമുതൽ വൈപ്പിനിൽനിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചുരുക്കം കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചായിരുന്നു നേരിട്ടുള്ള നഗരയാത്ര. ബസുകളുടെ നഗരപ്രവേശം സംബന്ധിച്ച് കരടുവിജ്ഞാപനം ഇറക്കി മോട്ടോർ വാഹനനിയമം അനുശാസിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചശേഷമാണ് അന്തിമ വിജ്ഞാപനം ഇറക്കിയത്. പെർമിറ്റുകൂടി ലഭിച്ചാൽ ബസുകൾക്ക് നഗരത്തിൽ ഏതുഭാഗത്തേക്കും സഞ്ചരിക്കാം.

