ഗാസയിൽ രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടി
കെയ്‌റോ: ഗാസയിൽ രണ്ടുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടി. തിങ്കളാഴ്ച രാത്രി ഖത്തർ വിദേശ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ ധാരണയായിരുന്ന നാലുദിവസ വെടിനിർത്തൽ തിങ്കളാഴ്ച അവസാനിച്ചിരുന്നു. വെടിനിർത്തൽ നീട്ടണമെന്ന് ഹമാസും യു എന്നിലെ പലസ്തീൻ പ്രതിനിധിയും വിവിധ രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.

തുടർന്ന് ഈജിപ്തിന്റെയും അമേരിക്കയുടെയും സഹായത്തോടെ ഖത്തർ നടത്തിയ ചർച്ചയാണ് ഫലംകണ്ടത്. കൂടുതൽ ബന്ദികളെ വിട്ടയച്ചാൽ കടന്നാക്രമണം നിർത്തിവയ്ക്കാമെന്ന് ഇസ്രയേൽ അറിയിച്ചു. ബന്ദികളാക്കിയ 50 ഇസ്രയേലുകാരെ ഹമാസും 150 പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയക്കുമെന്നായിരുന്നു ആദ്യധാരണ. ഇതുപ്രകാരം ഞായർ രാത്രിവരെ 39 ബന്ദികളെ ഹമാസും 117 പലസ്തീൻകാരെ ഇസ്രയേലും വിട്ടയച്ചു. സ്ത്രീകളെയും കുട്ടികളെയുമാണ് മോചിപ്പിച്ചത്. തിങ്കളാഴ്ച വിട്ടയക്കുന്നവരുടെ കാര്യത്തിൽ രാത്രി വൈകിയും തീരുമാനമായില്ല.

നാല് ദിവസംകൂടി വെടിനിർത്തൽ നീട്ടണമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്. സ്ഥിതിഗതികൾ പരിശോധിച്ചുമാത്രമേ വെടിനിർത്തൽ നീട്ടാനാകൂ എന്ന നിലപാടാണ് ഇസ്രയേലിന്റേത്. നാലുദിവസത്തിനുശേഷം, മോചിപ്പിക്കുന്ന 10 ബന്ദികൾക്ക് ഒരു ദിവസം എന്ന നിലയിൽ വെടിനിർത്തൽ നീട്ടാമെന്ന് ആദ്യഘട്ട ചർച്ചയിലും ഇസ്രയേൽ സമ്മതിച്ചിരുന്നു. ആകെ 240 പേരെയാണ് ഹമാസ് ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ ബന്ദിയാക്കിയത്. ഹമാസിന്റെ പക്കൽ ഇനിയും 14 വിദേശികളും 80 ഇസ്രയേലുകാരുമായ ബന്ദികളുണ്ടെന്നാണ് ഇസ്രയേൽ വിലയിരുത്തുന്നത്.

ഞായറാഴ്ച വടക്കൻ ഗാസയിലെത്തി സൈനികരെ അഭിസംബോധന ചെയ്ത ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, വെടിനിർത്തൽ കാലാവധി അവസാനിച്ചാൽ കൂടുതൽ ശക്തമായി ആക്രമണം പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ലക്ഷ്യം നേടുംവരെ യുദ്ധം തുടരുമെന്നും പ്രഖ്യാപിച്ചു. മന്ത്രിസഭയിൽനിന്നുതന്നെ നെതന്യാഹുവിന് യുദ്ധം തുടരാൻ സമ്മർദവുമുണ്ട്. യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14854 ആയി.

