KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ പളളിക്കുന്നിൽ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അയൽവാസിയെ അടിച്ചുകൊന്നു. അച്ഛനും മക്കളും അറസ്റ്റിൽ. പൈപ്പ് പൊട്ടി വെളളം പാഴാക്കുന്നത് ചോദ്യം ചെയ്തതിനാണ് അയൽവാസിയെ അച്ഛനും മക്കളും ചേർന്ന് അടിച്ചുകൊന്നത്. നമ്പ്യാർമൊട്ട സ്വദേശി അജയകുമാറാണ് കൊല്ലപ്പെട്ടത്. അയൽവാസി ദേവനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു കൊലപാതകം നടന്നത്.
ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. തുടര്‍ന്ന് രാത്രി എട്ടുമണിയോടെ ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി. തുടർന്ന് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.