എംവി വാൻ ഹായ് 503: കപ്പലിനെ പുറം കടലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു

കോഴിക്കോട് ബേപ്പൂർ തീരത്തിനടുത്ത് തീപിടിച്ച എംവി വാൻ ഹായ് കപ്പലിനെ പുറം കടലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പോർബന്ദറിലെ മറൈൻ എമർജൻസി റെസ്പോൺസ് സെൻ്റിൽ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് കപ്പൽ പുറം കടലിലേക്ക് നീക്കുന്നത്. തീയണക്കാനുള്ള ശ്രമങ്ങൾ ഏറെക്കുറെ വിജയം കണ്ടതായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. രാത്രി വൈകിയും കപ്പലിൽ നിന്നും പുക ഉയരുന്നുണ്ടായിരുന്നു.

കോസ്റ്റ് ഗാർഡിൻ്റെ മുങ്ങൽ വിദഗ്ധനും MERC സംഘാംഗങ്ങളും ഉൾപ്പെടെ മൂന്നുപേർ ഇന്നലെ ഹെലി കോപ്റ്ററിൻ്റെ സഹായത്തോടെ കപ്പലിന്റെ ഡെക്കിലേക്ക് ഇറങ്ങി. കപ്പലിൽ വടം കെട്ടി ടഗ് ബോട്ടുമായി ബന്ധിപ്പിച്ചാണ് പുറംകടലിലേക്ക് നീക്കുന്നത്. ഒരു ദിവസത്തിലധികമായി കപ്പലിൽ പൊട്ടിത്തെറിയൊന്നും ഉണ്ടായില്ല എന്നതും രക്ഷാപ്രവർത്തനത്തിന് അനുകൂലമായി.

എംവി വാൻ ഹായ് 503-ന് തീപിടിച്ചെന്ന വിവരം ലഭിച്ചയുടൻ അപകടസ്ഥലത്തേക്ക് കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളാണ് കുതിച്ചെത്തിയത്. സചേതും സമുദ്രപ്രഹരിയും തീയണയ്ക്കാനുള്ള നടപടി തുടങ്ങിയപ്പോൾ രാജദൂത്, അർണവേശ് അഭിനവ് കപ്പലുകൾ, കടലിൽ കാണാതായ നാല് കപ്പൽജീവനക്കാർക്കായുള്ള തിരച്ചിലിലായിരുന്നു. ഇതിനൊപ്പം ഇന്റർസെപ്റ്റർ ബോട്ട് ആയ സി 144-ഉം തിരച്ചിലിന് ഇറങ്ങി. കപ്പലിനെ നിരീക്ഷിക്കാൻ കൊച്ചി നാവിക ആസ്ഥാനത്തുനിന്ന് ചൊവ്വാഴ്ചയും ഡോണിയർ വിമാനങ്ങളെത്തിയിരുന്നു.

