മുതുകാടിന്റെ ‘ഇല്യൂഷൻ ടു ഇൻസ്പിരേഷൻ’ മാജിക് ഷോ ആഗസ്ത് 9ന് കോഴിക്കോട്

കോഴിക്കോട്: മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ‘ഇല്യൂഷൻ ടു ഇൻസ്പിരേഷൻ’ മാജിക് ഷോ ആഗസ്ത് ഒമ്പതിന് കോഴിക്കോട് നടക്കും. കോഴിക്കോട് പ്രോവിഡൻസ് കോളേജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം 5.30-നാണ് ഷോ. മാന്ത്രിക ലോകത്തെ അതികായൻ പി സി സർക്കാർ ജൂനിയർ ഉദ്ഘാടനം ചെയ്യും.

ജാലവിദ്യ ഒരിക്കലും ഉപേക്ഷിക്കരുതെന്ന ആത്മവിശ്വാസം പകർന്നു നൽകിയ തന്റെ പിതാവ് കുഞ്ഞുണ്ണിനായർക്കുള്ള സ്നേഹാർദ്രമായ സമർപ്പണമാണ് ഈ പരിപാടിയെന്ന് മുതുകാട് പത്രസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ആരംഭിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഇന്ദ്രജാലം. പരിപാടിയോട് സഹകരിക്കുന്ന മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് എം നിത്യാനന്ദ കമ്മത്ത്, ഇന്ത്യൻ യൂത്ത് അസോസിയേഷൻ പ്രസിഡണ്ട് ടി ഡി ഫ്രാൻസിസ്, ഒയിസ്ക ഇന്റർനാഷണൽ സെക്രട്ടറി ജനറൽ അരവിന്ദ് ബാബു, നോർത്ത് കേരള പ്രസിഡണ്ട് ഫിലിപ്പ് കെ ആന്റണി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

