KOYILANDY DIARY

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്ത് ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു

ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവൻ രോഗികൾക്കും ധനസഹായം വിതരണം ചെയ്തു. പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ധനസഹായ വിതരണം നടന്നത്. മാരകരോഗം ബാധിച്ച് പ്രയാസമനുഭവിക്കുന്നവർക്ക് പരമാവധി സഹായമെത്തിക്കാൻ ദുരിതാശ്വാസ നിധി വിപുലീകരിക്കാൻ ഭരണ സമിതിയും പൊതു പ്രവർത്തകരും ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാനും തീരുമാനമായി.
പഞ്ചായത്തിലെ ഉദാരമതികളായ വ്യക്തികൾ സ്ഥാപനങ്ങൾ സംഘടനകൾ എന്നീ സംവിധാനങ്ങളെ ഏകോപിപ്പിച്ച് സഹായ നിധി വിപുലീകരിക്കാൻ ഗ്രാമപഞ്ചായത്ത്  മുൻകൈയടുക്കും 18 വാർഡുകളിലെയും അർഹരായ രോഗികളെ കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റീവ് യൂനിറ്റിൻ്റെ സഹായത്തോടെ കണ്ടെത്തിയാണ് ധനസഹായ വിതരണം’ നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി കൺവീനറും പ്രസിഡണ്ട് ചെയർമാനുമായ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക് താല്പര്യമുള്ളവർക് ഫണ്ട് നിക്ഷേപിക്കാവുന്നതാണ്.
രോഗം കാരണം തകർന്നു പോയ കുടുംബങ്ങൾക്ക് ഈ പദ്ധതി ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട്  പ്രസിഡണ്ട് അറിയിച്ചു. വൈസ് പ്രസിഡൻറ് ഷീജ പട്ടേരി അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ. ഭാസ്കരൻ  എം.പി, അഖില വാർഡ് മെമ്പർ, പി.പി.കരീം മൂടാടി വില്ലാജാഫീസർ ജയൻ, മൂടാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിജയരാഘവൻ മാസ്റ്റർ, ചേന്നോത്ത് ഭാസ്കരൻ മാസ്റ്റർ, റഫീഖ് ഇയ്യത്ത് കുനി എന്നിവർ സംസാരിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. മോഹനൻ സ്വാഗതവും സെക്രട്ടറി എം. ഗിരീഷ് നന്ദിയും പറഞ്ഞു.