വടകരയിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ
വടകര: തിരുവള്ളൂരിൽ അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുനിയിൽ മഠത്തിൽ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്ത ലക്ഷ്മി (അഖില 32), മക്കളായ കശ്യപ് (6), വൈഭവ് (ആറ് മാസം) എന്നിവരാണ് മരിച്ചത്. ക്ഷേത്ര ശാന്തിക്കാരനായ ഭർത്താവ് നിധീഷ് ഞായറാഴ്ച പകൽ 12 ഓടെയാണ് കിണറ്റിൽ മൃതദേഹം കണ്ടത്.

ഇയാളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി കിണറ്റിലിറങ്ങി ഇളയ കുട്ടിയെ പുറത്തെടുത്ത് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയാണ് അനന്തലക്ഷ്മിയുടെയും മൂത്ത കുട്ടി കശ്യപിന്റയും മൃതദേഹം പുറത്തെടുത്തത്. കുട്ടിയെ ദേഹത്ത് കെട്ടിയ നിലയിലായിരുന്നു.


ഇവരുടെതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. പാലക്കാട് അയിലൂർ നെന്മേനി പരേതനായ ശ്രീരാമ അയ്യരുടെയും സത്യമതിയുടെയും മകളാണ് അനന്ത ലക്ഷ്മി. സഹോദരൻ: സുന്ദരൻ. മൃതദേഹം വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിൽ വടകര താഹസിൽദാറുടെ സാനിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മേർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

