KOYILANDY DIARY

The Perfect News Portal

ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന് എം കെ മുനീര്‍

മലപ്പുറം: ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്നും നേരത്തെ അബ്ദുസമദ് സമദാനി ഉള്‍പ്പെടെ രാജ്യസഭാംഗമായിട്ടുണ്ടെന്നും മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ഒഴിവു വരുന്ന രാജ്യസഭ സീറ്റിലേക്ക് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍, രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് രാജ്യസഭയിലേയ്ക്ക് മത്സരിക്കാനില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. വ്യക്തമായി പറയാം ഞാന്‍ രാജ്യസഭയിലേക്കില്ല. ഇപ്പോള്‍ ആവശ്യത്തിന് പണി ഇവിടെയുണ്ട്. നിലവിലുള്ള ചുമതലകളില്‍ വ്യാപൃതനാണ്. ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുന്നതിനുള്ള സാഹചര്യം ഇപ്പോഴില്ല. യുഡിഎഫ് തലത്തില്‍ കാര്യങ്ങള്‍ തീരുമാനമായതാണ്. രാജ്യസഭയില്‍ ആരാണെന്ന് സമയമാകുമ്പോള്‍ തങ്ങള്‍ പ്രഖ്യാപിക്കും’, എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സമയമാകുമ്പോള്‍ ലീഗില്‍ നിന്ന് ആരാണ് രാജ്യസഭയിലേക്കെന്നത് സംബന്ധിച്ച് സാദിഖലി തങ്ങള്‍ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫില്‍ ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യസഭയിലേക്ക് യുവാക്കളെ പരിഗണിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായവുമായി മുനീര്‍ രംഗത്തെത്തിയിരിക്കുന്നത്