KOYILANDY DIARY

The Perfect News Portal

കൊടുംചൂടില്‍ കര്‍ഷക നഷ്ടം നികത്തുവാനുള്ള പദ്ധതിയുമായി മില്‍മ

കൊച്ചി: കൊടുംചൂടില്‍ കര്‍ഷക നഷ്ടം നികത്തുവാനുള്ള പദ്ധതിയുമായി മില്‍മ. ഹീറ്റ് ഇൻഡക്സ് ബെയ്സഡ് കാറ്റിൽ ഇൻഷൂറൻസ് പദ്ധതി മിൽമ എറണാകുളം മേഖലാ യൂണിയൻ ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നടപ്പാക്കുമെന്ന് ചെയർമാൻ എം ടി ജയൻ അറിയിച്ചു. അന്തരീക്ഷ ഊഷ്മാവിലെ വർധനവ്‌ കാരണം പാലുൽപാദനത്തിൽ കുറവ് വരുന്നത് മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം നികത്താനാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌.

മേഖലാ യൂണിയന്റെ പ്രവർത്തന പരിധിയിൽ വരുന്ന എറണാകുളം, തൃശ്ശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള താപനിലയിൽ നിന്നും തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്ന 6,8,14,26 എന്നീ ദിവസങ്ങളിൽ യഥാക്രമം കറവമൃഗം ഒന്നിന് 200, 400,600, 2000 രൂപ വീതമാണ് സാമ്പത്തിക പരിരക്ഷ ലഭിക്കുന്നത്.

ഒരു കറവ പശുവിനെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് 99 രൂപയാണ് പ്രീമിയം നിരക്ക്, 50 രൂപ മേഖല യൂണിയനും, 49 രൂപ കർഷകനിൽ നിന്നും ഗുണഭോക്തൃ വിഹിതമായി സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ജില്ലകളിലായുള്ള ആയിരത്തിൽപരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തുവാനാണ് മേഖലാ യൂണിയൻറെ ഭരണസമിതി തീരുമാനമെടുത്തിട്ടുള്ളത്. ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂല്യം കർഷകൻറെ അക്കൗണ്ടിൽ നേരിട്ട് എത്തിക്കുന്നതായിരിക്കും.

Advertisements