KOYILANDY DIARY

The Perfect News Portal

കൊല്ലം മണ്ഡലത്തില്‍ എം മുകേഷിലൂടെ എല്‍ഡിഎഫിന്റെ പത്രിക സമര്‍പ്പണത്തിന് തുടക്കം

കൊല്ലം മണ്ഡലത്തില്‍ എം മുകേഷിലൂടെ എല്‍ഡിഎഫിന്റെ പത്രിക സമര്‍പ്പണത്തിന് തുടക്കമായി. ആവേശം ഒട്ടും ചോരാതെയുള്ള പ്രചാരണമാണ് തെക്കന്‍ കേരളത്തില്‍ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിനം തന്നെ എല്‍ഡിഎഫ് പത്രിക സമര്‍പ്പണം ആരംഭിച്ചു.

കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ് ജില്ലാ കളക്ടര്‍ എന്‍ ദേവീദാസിനാണ് പത്രിക നല്‍കിയത്. രണ്ട് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ വരദരാജന്‍, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, പി എസ് സുപാല്‍, മുന്‍മന്ത്രി കെ രാജു തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രകടനമായിട്ടാണ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പണത്തിന് എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണ കുമാറും പ്രചാരണ രംഗത്ത് സജീവമാണ്.

 

തിരുവനന്തപുരം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ പാളയം, ചാല മാര്‍ക്കറ്റുകളില്‍ എത്തി വോട്ടര്‍മാരെ നേരില്‍ കണ്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ നഗരപ്രദേശം കേന്ദ്രീകരിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മണ്ഡലം കണ്‍വെന്‍ഷന്‍ തിരക്കിലുമായിരുന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി വി ജോയ് സ്വന്തം നാട്ടുക്കാര്‍ക്കൊപ്പം കൂടി വിശേഷങ്ങള്‍ പങ്കുവെച്ചാണ് പ്രചാരണം ആരംഭിച്ചത്. വൈകിട്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ജനകീയ കൂട്ടായ്മയുടെ ഭാഗമാകും തിരുവനന്തപുരത്തെയും ആറ്റിങ്ങലിലെയും ഇടതു സ്ഥാനാര്‍ത്ഥികള്‍.

Advertisements

 

പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ടി എം തോമസ് ഐസക്ക്. ളാഹ മേഖല കേന്ദ്രീകരിച്ചായിരുന്നു രാവിലത്തെ പ്രചരണം. ഭവന സന്ദര്‍ശനമാണ് സ്ഥാനാര്‍ത്ഥിയുടെ പ്രധാന പരിപാടി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി മണ്ഡലത്തില്‍ ഇല്ലാത്തതിനാല്‍ പ്രചരണം ഇല്ലായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി ആറന്മുള മണ്ഡലത്തിലെ വിവിധ അഗതി മന്ദിരങ്ങള്‍ സന്ദര്‍ശിച്ചാണ് പ്രചരണം ആരംഭിച്ചത്.