34 വർഷത്തെ സേവനത്തിനുശേഷം എം.ജി ബൽരാജ് മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചു

കൊയിലാണ്ടി: എം.ജി ബൽരാജ് മാസ്റ്റർ സർവീസിൽ നിന്നും വിരമിച്ചു. സംസ്ഥാന അധ്യാപക അവാർഡും, മികച്ച വിദ്യാഭ്യാസ ഓഫീസർക്കുള്ള ദേശീയ അവാർഡ് നേടിയ എം. ജി. ബൽരാജ് 34 വർഷത്തെ സേവനത്തിനു ശേഷം ആന്തട്ട ഗവ. യു.പി സ്കൂൾ പ്രധാനധ്യാപകനായാണ് വിരമിക്കുന്നത്. നേരത്തെ പയ്യോളി, കൊയിലാണ്ടി, കോക്കല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഇംഗ്ലീഷ് അധ്യാപകനായി പ്രവർത്തിച്ചിരുന്നു. കീഴരിയൂർ കണ്ണോത്ത് യു.പി സ്കൂളിലാണ് സർവീസ് ജീവിതം ആരംഭിച്ചത്.

2007-12 കാലയളവിൽ കൊയിലാണ്ടി നഗരസഭയുടെ ആസൂത്രണ കോർഡിനേറ്ററായും 2016 – 19 കാലയളവിൽ സമഗ്ര ശിക്ഷാ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചു. കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ മിക്സഡ് സ്കൂളാക്കുന്നതിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിലുള്ള പദ്ധതിയിലും മുഖ്യ പങ്കുവഹിച്ചു.

1998 ൽ ജപ്പാൻ വിദ്യാഭ്യാസ രീതി പഠിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് അയച്ച വിദ്യാഭ്യാസ സംഘത്തിൽ അംഗമായിരുന്നു. ജനകീയാസൂത്രണത്തിൻ്റെ സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗമായും സാക്ഷരതാസമിതിയുടെ ടെക്സ്റ്റ് ബുക്ക് നിർമാണ സമിതി അംഗമായും പ്രവർത്തിച്ചിരുന്നു. ആന്തട്ട ഗവ. യു.പി സ്കൂളിന് ആധുനിക മുഖഛായ കൈവരിക്കാനുള്ള പദ്ധതിയുടെ ഫലമായി ഈ വർഷം 130 ലധികം പുതിയ വിദ്യാർത്ഥികൾ സ്കൂളിൽ പ്രവേശനം നേടിയിരുന്നു.
