KOYILANDY DIARY

The Perfect News Portal

മാവൂർ റോഡ്‌ കെ.എസ്‌.ആർ.ടി.സി ബസ്‌ ടെർമിനൽ നവീകരണം 6 മാസത്തിനകം

മാവൂർ റോഡ്‌ കെ.എസ്‌.ആർ.ടി.സി ബസ്‌ ടെർമിനൽ നവീകരണം 6 മാസത്തിനകം. കോഴിക്കോട്‌: ബലക്ഷയം സംബന്ധിച്ച്‌ മദ്രാസ്‌ ഐ.ഐ.ടി വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്‌ ഗതാഗത വകുപ്പിൻ്റെ തീരുമാനം. ടെർമിനലിൻ്റെ പല ഭാഗങ്ങളിലും വലിയരീതിയിൽ ബലക്ഷയമുണ്ട്. പൂർണമായി പാെളിച്ചു മാറ്റേണ്ട സ്ഥിതി ഇല്ല. പകരം അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നാണ് തീരുമാനം. ഇതിനായി 30 കോടി രൂപ ചെലവാകും. നടപടി എത്രയും വേഗത്തിൽ ആരംഭിക്കുമെന്നും പിഴവ്‌ വരുത്തിയ ആർക്കിടെക്‌റ്റിൽ നിന്ന്‌ ഈ തുക കണ്ടെത്താനുള്ള നിയമ നടപടി കൈക്കൊള്ളുമെന്നും മന്ത്രി ആൻ്റണി രാജു പറഞ്ഞു.
പുതിയ ടെണ്ടർ നടപടികൾക്ക് ചെന്നെെ ഐ.ഐ.ടി യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏജൻസിയെ നിയോഗിക്കാനായി യോജിച്ച കമ്പനികളുടെ പട്ടിക ഐ.ഐ.ടി തയ്യാറാക്കും. ഇതിൽ ടെൻഡർ വിളിച്ചാണ്‌ പ്രവൃത്തികൾ നൽകുക. ഫെബ്രുവരി ഒന്നിനകം ടെൻഡർ നടപടിയിലേക്ക്‌ കടക്കും. താഴെ നിലയിൽ ബലപ്പെടുത്തൽ പ്രവൃത്തി നടക്കുമ്പോൾ ബസ്‌ സ്‌റ്റാൻഡിനായി ബദൽ മാർഗം ഏർപ്പെടുത്താനാണ്‌ ആലോചന.
Advertisements
ഐ.ഐ.ടി സ്‌ട്രക്ചറൽ എൻജിനിയറിങ്‌ വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ റിപ്പോർട്ട്‌ നൽകിയത്‌. 2015 ലാണ്‌  ടെർമിനൽ നിർമിച്ചത്‌. നിർമാണത്തിലെ പിഴവുമായി ബന്ധപ്പെട്ട്‌ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.