KOYILANDY DIARY

The Perfect News Portal

വീരപ്പൻ വേട്ടയുടെ പേരിൽ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരിൽ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 215 സർക്കാർ ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. തടവുശിക്ഷ വിധിച്ച ധർമപുരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ ജസ്റ്റിസ് വേൽമുരുകൻ തള്ളി. വച്ചാത്തി കൂട്ടബലാത്സംഗ കേസിൽ 2011ലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

1992-ൽ വീരപ്പനെ പിടികൂടാനായെത്തിയ ഉദ്യോഗസ്ഥർ ഗോത്രസ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 18 ഗോത്രവർഗ്ഗ യുവതികളെയാണ് പോലീസ്- ഫോറസ്റ്റ്- റവന്യു ജീവനക്കാരടങ്ങുന്ന 269-ഓളം സർക്കാരുദ്യോഗസ്ഥർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. 100ലേറെ പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥ സംഘം ഗ്രാമം മുഴുവൻ കൊള്ളയടിച്ചു.

 

126 ഫോറസ്റ്റ് ഉദ്യോഗസ്ഥരും 84 പൊലീസുകാരും അഞ്ചു റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് 2011 സെപ്റ്റംബറിൽ സെഷൻസ് കോടതി കണ്ടെത്തിയത്. കേസിലെ 54 പേർ ഇക്കാലയളവിൽ മരിച്ചു പോയിരുന്നു. പത്തു വർഷം വരെയുള്ള തടവുശിക്ഷയാണ് ഇവർക്ക് വിചാരണക്കോടതി വിധിച്ചത്.

Advertisements

 

ഇതു ശരിവച്ച ഹൈക്കോടതി അതിക്രമത്തിന് ഇരയായവർക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇതിൽ പകുതി ശിക്ഷിക്കപ്പെട്ടവരിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു. സിപിഐ എം പ്രവർത്തകരുടെ ഇടപെടലോടെയാണ് വച്ചാത്തി ആദിവാസി ഗ്രാമത്തിൽ വനംവകുപ്പുകാരും പൊലീസും നടത്തിയ കൊടുംപീഡനവും ലോക്കപ്പ്‌ മർദനവും പുറംലോകം അറിഞ്ഞത്.