KOYILANDY DIARY.COM

The Perfect News Portal

ലോട്ടറി തൊഴിലാളികൾ ആദായ നികുതി ഓഫീസിലേക്ക് മാർച്ച് നടത്തി

കോഴിക്കോട്: കേരള ലോട്ടറി തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് ലോട്ടറി തൊഴിലാളികളുടെയും ഏജൻ്റുമാരുടെയും ഉജ്ജ്വല മാർച്ച് സംഘടിപ്പിച്ചു. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ഭാഗ്യക്കുറി സംരക്ഷണ സമിതി ആഭിമുഖ്യത്തിലായിരുന്നു മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്ത് നിന്ന് ആരംഭിച്ച മാർച്ച് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പിഎം ജമാൽ ഉദ്ഘാടനം ചെയ്തു. എസി തോമസ് ഐഎൻടിയുസി അധ്യക്ഷത വഹിച്ചു. 
2017ൽ ജിഎസ്ടി ആരംഭിച്ചത് മുതൽ 12 ശതമാനം ആയിരുന്നു നികുതി എന്നാൽ 2020 ആകുമ്പോൾ 28 ശതമാനവുമായി ഇപ്പോൾ 40 ശതമാനമാക്കി വർദ്ദിപ്പിച്ച തീരുമാനം തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കുകയും ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ടു ലക്ഷത്തോളം പേരുടെ ഉപജീവനമാർഗമാണ് ഇല്ലാതാകുന്നത്. 
ക്ഷേമനിധി ബോർഡ് നടപ്പാക്കുന്ന പെൻഷൻ, ബോണസ് ചികിത്സ ധനസഹായം, മരണാനന്തര കുടുംബസഹായം, വിദ്യാഭ്യാസ ധനസഹായം, പ്രസവ ധനസഹായം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങൾ എന്നീ ആനുകൂല്യങ്ങളുടെ വിതരണത്തെയും നികുതി വർദ്ധന ബാധിക്കും. ലോട്ടറിയിലെ വരുമാനം ഉപയോഗിച്ചുള്ള കാരുണ്യ ചികിത്സ പദ്ധതിയും തകരാറിലാകും.
സി സി രതിഷ് സിഐടിയു സ്വാഗതം പറഞ്ഞു. വികെ മോഹൻദാസ് സിഐ ടിയു ഷാജു പൊൻപാറ, ഐഎൻടിയുസി, നസുറുദ്ധീൻ വിവിഎസ്, കെഎൽഎ ബികെ ബാലകൃഷ്ണൻ, സിഐടിയു വിനയകൃഷ്ണൻ വ്യാപാര സമിതി കബീർ സലാല, എച്ച്എംഎസ് പികെ മുഹമ്മദ് എഐടിയുസി എന്നിവർ മാർച്ചിന് അഭിവാദ്യം ചെയ്തു സംസാരിച്ചു.
Share news