KOYILANDY DIARY.COM

The Perfect News Portal

എം കെ സാനുവിനെ സാഹിത്യനഗരം അനുസ്മരിച്ചു

കോഴിക്കോട്‌: മലയാളികളുടെ രാഷ്‌ട്രീയ സാംസ്‌കാരിക ജീവിതത്തിന്‌ ദിശാബോധം പകർന്ന എം കെ സാനുവിനെ സാഹിത്യനഗരം അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ്‌ അറിവിന്റെ പാഠങ്ങൾ പകർന്നുനൽകിയ തലമുറകളുടെ ഗുരുനാഥനെ അനുസ്‌മരിച്ചത്‌. അക്ഷരങ്ങളെ അഗ്നിയാക്കിയും പാഠപുസ്‌തകത്തിനപ്പുറത്തേക്ക്‌ ക്ലാസ്‌മുറികളെ കൊണ്ടുപോവുകയും ചെയ്‌ത കേരളത്തിലെ മികച്ച അധ്യാപകരിൽ ഒരാളായിരുന്നു സാനു മാസ്റ്ററെന്ന്‌ കെ ഇ എൻ അനുസ്‌മരിച്ചു.

അദ്ദേഹം ക്ലാസ്‌മുറികളെ ജീവിതത്തിലേക്ക്‌ തുറന്നുവച്ചു. ഓരോ ക്ലാസുകളും ജീവിതത്തിന്റെ ജ്വലിക്കുന്ന പാഠശാലകളായി രൂപാന്തരപ്പെടുത്തി. പാഠപുസ്‌തകങ്ങളിലും പരീക്ഷകളിലും പരിമിതപ്പെടുത്താതെ ക്ലാസ്‌മുറികളെ അദ്ദേഹം ചരിത്രത്തിലേക്ക്‌ വിമോചിപ്പിക്കുകയായിരുന്നുവെന്നും കെ ഇ എൻ പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട്  കെ എം രാധാകൃഷ്‌ണൻ അധ്യക്ഷനായി. കെ ചന്ദ്രൻ, വി. സുരേഷ്‌ബാബു എന്നിവർ സംസാരിച്ചു. വി പി ശ്യാംകുമാർ സ്വാഗതവും മിഥുൻരാജ്‌ നന്ദിയും പറഞ്ഞു. അനുസ്‌മരണത്തിന്‌ മുമ്പായി എം കെ സാനുവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.

 

Share news