ചൂണ്ടയിടല്‍ മത്സരത്തില്‍ പങ്കെടുത്ത് ലിന്റോ ജോസഫ് എം എൽ എ

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചൂണ്ടയിടല്‍ മത്സരത്തില്‍ പങ്കെടുത്ത് ലിന്റോ ജോസഫ് എം എൽ എ. ഉദ്ഘാടകനായി എത്തിയ ലിന്റോയ്ക്ക് ചെറിയ മീനും കിട്ടി. ഈ മാസം 24 മുതല്‍ 27 വരെയാണ് പതിനൊന്നാമത് റിവര്‍ ഫെസ്റ്റിവല്‍ നടക്കുക. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചൂണ്ടയിടല്‍ മത്സരം ആവേശമായി. വേദിയില്‍ നിന്നിറങ്ങി ചൂണ്ടയുമായി എം എൽ എയും ഒരു കൈ നോക്കാനിറങ്ങി.

തീറ്റയിട്ട് കൊടുത്തെങ്കിലും ആദ്യമൊന്നും മീന്‍ അടുത്തില്ല. മത്സരാര്‍ത്ഥികളും കാണാനെത്തിവരും നോക്കിനില്‍ക്കെ മീന്‍ ചൂണ്ടയില്‍. ഇതാവട്ടെ 75 ഗ്രാമില്‍ കുറഞ്ഞതും. വിജയിക്കണമെങ്കില്‍ 75 ഗ്രാമെങ്കിലും ഉള്ള മീനാകണം എന്നായിരുന്നു നിബന്ധന.

തിരുവമ്പാടിയിൽ നടന്ന മത്സരത്തില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നൂറുകണക്കിന് പേര്‍ ചൂണ്ടയിടാനെത്തി. മത്സരത്തില്‍ ഒന്നാം സമ്മാനമായ മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവും മുക്കം അഗസ്ത്യമുഴി സ്വദേശി നിഥിന്‍ സ്വന്തമാക്കി.

