സെൽഫ് ഡിഫൻസ് പഠിക്കാം: അനിഷ റെഡി
താമരശേരി ‘ജയ ജയ ജയഹേ’ സിനിമയിലെ ജയ ആവണമെന്നില്ലെങ്കിലും വനിതകൾ സ്വയം പ്രതിരോധസജ്ജമായിരിക്കണമെന്നാണ് തലയാട് ചെമ്പകശേരി സ്വദേശി സി യു അനിഷയുടെ അഭിപ്രായം. അതിനായി നിരവധി യുവതികളെയും കുട്ടികളെയുമാണ് ഈ ഇരുപത്തിരണ്ടുകാരി സെൽഫ് ഡിഫൻസ് പരിശീലിപ്പിക്കുന്നത്.

കേരളത്തിലും പുറത്തുമായി നിരവധി ഓപ്പൺ കരാട്ടേ ടൂർണമെന്റുകളിൽ പങ്കെടുത്ത അനിഷ, തന്റെ പ്രാവീണ്യം കൂടുതൽ പേരിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. കൂടത്തായി സെന്റ് മേരീസ് സ്കൂളിൽ 80 ശിഷ്യരുണ്ട്. തലയാട് ലിവ അമൻ മാർഷ്യൽ അക്കാദമിയിലും സ്കൂളുകളിലുമാണ് പരിശീലനം. കുട്ടിക്കാലം മുതൽ ആയോധനകലയോടുള്ള താൽപ്പര്യമാണ് അനിഷയെ ഈ മേഖലയിലേക്ക് എത്തിച്ചത്. ഗ്രാൻഡ് മാസ്റ്റർ കെ എം ഷരീഫിന് കീഴിലായിരുന്നു പരിശീലനം.

2022ൽ ബംഗളൂരുവിൽ നടന്ന നാഷണൽ ലെവൽ ഓപ്പൺ കരാട്ടേ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. അച്ഛൻ സി സി ഉണ്ണിയും അമ്മ ഷൈജയും സഹോദരൻ നൈജിലും നൽകുന്ന പിന്തുണയാണ് പരിശീലന രംഗത്ത് നിലനിൽക്കാൻ സഹായിക്കുന്നത്.

