ആര്യാടൻ ഷൗക്കത്തിൻ്റെ ജയത്തിനിടെ സതീശനെതിരെ ഒളിയമ്പുമായി നേതാക്കൾ രംഗത്തെത്തി

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനു പിന്നാലെ സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിജയത്തിന്റെ ക്രെഡിറ്റ് ഒറ്റയ്ക്ക് ആർക്കും കൊടുക്കാൻ സാധിക്കില്ലെന്നായിരുന്നു അടൂർ പ്രകാശിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പിൽ അൻവർ ഫാക്ടർ ഉണ്ടായെന്നു പറഞ്ഞ കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ് അൻവറിനെ കൂടെ കൂട്ടാഞ്ഞതിലുള്ള നീരസവും പറയാതെ പറഞ്ഞു. വി ഡി സതീശനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു കെ പി സി സി പ്രസിഡന്റിന്റെ പ്രതികരണം. അൻവറിനെ കൂടെ കൂട്ടാൻ എല്ലാ ശ്രമവും ഞാനും കുഞ്ഞാലികുട്ടിയും നടത്തിയിരുന്നുവെന്നും, ഇനിയുള്ള തീരുമാനങ്ങൾ നേതൃത്വം കൂടിയാലോചിച്ച് എടുക്കുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് നടത്തിയത് രാഷ്ട്രീയ പോരാട്ടമായിരുന്നുവെന്ന് ഇടതുപക്ഷ സ്ഥാനാർഥി എം സ്വരാജ് പറഞ്ഞു. ജനങ്ങളേയും നാടിനേയും ബാധിക്കുന്ന പ്രശ്നങ്ങൾ എൽ ഡി എഫ് ചർച്ച ചെയ്തു. ജയിച്ചാലും തോറ്റാലും ജനങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ തുടരും. എം സ്വരാജ് പറഞ്ഞു.

