KOYILANDY DIARY

The Perfect News Portal

50 സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ

തിരുവനന്തപുരം: 50 സ്ത്രീകൾക്ക് കാർഷിക ഡ്രോൺ പരിശീലനം നൽകാൻ കുടുംബശ്രീ. മികച്ച തൊഴിലും വരുമാനവർധനയും ലഭ്യമാക്കുന്ന ‘സ്മാർട്ട് അഗ്രികൾച്ചർ’ എന്ന ആശയത്തിൽ എത്തിക്കാനുള്ള ഫീൽഡ് തല പരിശീലനമാണ് കർഷകർക്ക് നൽകുന്നത്. ഡ്രോണിന്റെ രൂപഘടന, സാങ്കേതികവശങ്ങൾ, ഉപയോഗിക്കുന്നതിനുള്ള പ്രവർത്തന മാർഗനിർദേശങ്ങളുമാണ് ആദ്യദിന പരിശീലനത്തിൽ.

സ്മാർട്ട് ഫാമിങ്, അഗ്രി ഡ്രോൺ ഹാർഡ്-വെയർ, മെയിന്റനൻസ് ആൻഡ് സർവീസിങ്, ഡ്രോൺ സിമുലേറ്റർ, ട്രയൽ ഡ്രോൺ ഫ്ളയിങ്, ഹാൻഡ്സ് ഓൺ അഗ്രി ഡ്രോൺ ഫ്ളയിങ് എന്നിവയിൽ ഫീൽഡ്തല പരിശീലനവും നൽകും. പങ്കെടുക്കുന്നവർക്ക്‌ ഡ്രോൺ ലഭ്യമാക്കിയിട്ടുണ്ട്. വനിതകളുടെ തൊഴിൽ നൈപുണ്യശേഷിയും കാര്യക്ഷമതയും വർധിപ്പിച്ച് കാർഷികമേഖലയെ ആധുനികവൽക്കരിക്കാൻ കഴിയും.

 

കൂടാതെ കാർഷികരംഗത്ത് മെച്ചപ്പെട്ട ഉൽപ്പാദനക്ഷമതയും തൊഴിലവസരങ്ങളും വരുമാനവും കൈവരിക്കാനായാൽ കൂടുതൽ വനിതാ കർഷകർ രംഗത്തേക്കെത്തുമെന്നാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്. കുടുംബശ്രീയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും ചേർന്ന് നാലുദിവസത്തെ പരിശീലനമാണ് നൽകുന്നത്. കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിൽ തിങ്കൾ രാവിലെ 10ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ കെ എസ് ബിന്ദു ഉദ്ഘാടനം ചെയ്യും.

Advertisements