KOYILANDY DIARY

The Perfect News Portal

സംഘടിത സ്ത്രീമുന്നേറ്റത്തിന് കേരളം ലോകത്തിന് നൽകിയ മഹത്തായ മാതൃകയാണ് കുടുംബശ്രീ; മുഖ്യമന്ത്രി

തിരുവനന്തപുരം: സംഘടിത സ്ത്രീമുന്നേറ്റത്തിന് കേരളം ലോകത്തിന് നൽകിയ മഹത്തായ മാതൃകയാണ് കുടുംബശ്രീയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രൂപീകരിച്ചിട്ട് ഇന്ന് 26 വർഷം തികയുന്ന കുടുംബശ്രീക്ക് മുഖ്യമന്ത്രി ആശംസ നേർന്നു. സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഇടപെടൽ ശേഷി ശക്തിപ്പെടുത്തി അതുവഴി അവർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്ന വലിയ കൂട്ടായ്മയാണ് കുടുംബശ്രീ.

1998 ൽ ആരംഭിച്ച കുടുംബശ്രീയിൽ ഇന്ന് 3 ലക്ഷത്തിലധികം അയൽക്കൂട്ടങ്ങളിലായി 46.16 ലക്ഷം പേർ അംഗങ്ങളാണ്. കേരളത്തിന്റെ സാമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളിൽ വൈവിധ്യമാർന്ന ഇടപെടലുകളുമായി വലിയൊരു ചാലകശക്തിയായി കുടുംബശ്രീ മാറിക്കഴിഞ്ഞു. പ്രാദേശിക തലത്തിൽ സ്ത്രീകളുടെ സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട് തുടങ്ങിയ ഈ പ്രസ്ഥാനം നിയമ സഹായവും കൗണ്‍സലിംഗും വായ്പാ സംവിധാനവും സാംസ്‌കാരിക പ്രവര്‍ത്തനവുമെല്ലാമായി വിവിധ തുറകളിൽ ഇടപെടുന്നു.

 

നാട് മഹാമാരികളും പ്രകൃതി ക്ഷോഭങ്ങളും നേരിട്ട കാലത്ത്ര രക്ഷാപ്രവർത്തനത്തിന്റെയും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും മുന്നിൽ നിന്നവരാണ് കുടുംബശ്രീ പ്രവർത്തകർ. മിതമായ വിലയിൽ ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലുകൾ നാട് ഏറ്റെടുത്തു കഴിഞ്ഞതാണ്. മാലിന്യമുക്ത കേരളം യാഥാർത്ഥ്യമാക്കാൻ വീടുകളിലെത്തി വേർതിരിച്ച മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിത കർമ്മസേന വലിയ പ്രശംസ ഏറ്റുവാങ്ങി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവുകയാണ്.   

Advertisements

 

കേരളം കൈവരിച്ച സാമൂഹിക പുരോഗതിയുടെ വലിയൊരു ദൃഷ്ടാന്തമാണ് കുടുംബശ്രീ പ്രസ്ഥാനം. സ്ത്രീ ശാക്തീകരണത്തിനായുള്ള പ്രാഥമിക ഇടപെടലുകളിലൊതുക്കാതെ അവരുടെ സാമൂഹികമായ ക്രയവിക്രയശേഷിയും സംഘടിത പ്രസ്ഥാനങ്ങൾ നയിക്കാനുള്ള നേതൃപാടവത്തെയും ഉയർത്തിക്കൊണ്ടുവരാനുള്ള വലിയ ചരിത്രമുന്നേറ്റമായി കുടുംബശ്രീ മാറി. അന്താരാഷ്ട്ര തലത്തിൽ വലിയ പ്രശംസ നേടിയ നമ്മുടെ കുടുംബശ്രീ പ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്താനും പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമുള്ള വിവിധ ഇടപെടലുകൾ നടത്തിവരികയാണ് എൽഡിഎഫ് സർക്കാർ. ആ പരിശ്രമങ്ങൾക്ക് ഈ ദിനം കരുത്തുപകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.